ചാമ്പ്യൻസ് ലീഗിൽ ഉക്രയിനിയൻ ചാമ്പ്യന്മാരായ ശക്തർ ഡോണെസ്റ്റെക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ഉജ്ജ്വല ജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ ജയം. സ്വന്തം ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ശക്തമായ വെല്ലുവിളി സൃഷ്ട്ടിക്കാൻ പലപ്പോഴും ശക്തർ ഡോണെസ്റ്റെക്കിനായില്ല.
മാഞ്ചസ്റ്റർ സിറ്റി നിരയിൽ അഗ്വേറോ. കമ്പനി, സനേ എന്നിവർക്ക് വിശ്രമം അനുവദിച്ചാണ് മാഞ്ചസ്റ്റർ സിറ്റി ടീമിനെയിറക്കിയത്. അതെ സമയം ദിവസം ബേൺലിക്കെതിരെ പകരക്കാരനായി ഇറങ്ങിയ കെവിൻ ഡി ബ്രൂണെക്ക് മാഞ്ചസ്റ്റർ സിറ്റി ജേഴ്‌സിയിൽ സീസണിൽ ആദ്യ തുടക്കം കൂടിയായിരുന്നു.
മത്സരത്തിന്റെ തുടക്കം മുതൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സിറ്റി 30ആം മിനുട്ടിൽ ഡേവിഡ് സിൽവയിലൂടെ മുൻപിലെത്തി. മെൻഡിയും ജെസൂസും നടത്തിയ മുന്നേറ്റത്തിനൊടുവിൽ ലഭിച്ച പന്ത് ഗോളാക്കിയാണ് സിൽവ സിറ്റിക്ക് ലീഡ് നേടി കൊടുത്തത്. അധികം താമസിയാതെ കോർണറിൽ നിന്ന് രണ്ടാമത്തെ ഗോളും നേടി മാഞ്ചസ്റ്റർ സിറ്റി മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു. ഇത്തവണ ലപോർട്ടെയാണ് ഗോൾ നേടിയത്.
തുടർന്ന് രണ്ടാം പകുതിയിലാണ് പകരക്കാരനായി ഇറങ്ങിയ ബെർണാർഡോ സിൽവ സിറ്റിയുടെ മൂന്നാമത്തെ ഗോൾ നേടിയത്. പകരക്കാരനായി ഇറങ്ങി 90 സെക്കന്റ് തികയുന്നതിനിടയിലായിരുന്നു സിൽവയുടെ ഗോൾ. ഹോഫൻനെയിം – ലിയോൺ മത്സരം സമനിലയിലായതോടെ 6 പോയിന്റുമായി സിറ്റി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. 5 പോയിന്റുള്ള ലിയോൺ ആണ് ഗ്രൂപ്പിൽ രണ്ടുമത്.