ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് യുവന്റസിന്റെ അഗ്നിപരീക്ഷ

- Advertisement -

ചാമ്പ്യൻസ് ലീഗിൽ ഇന്നത്തെ സൂപ്പർ പോരാട്ടം നടക്കുന്നത് മാഞ്ചസ്റ്ററിന്റെ ചുവന്ന കോട്ടലിയാണ്‌. ഗ്രൂപ്പ് എച്ചിൽ യുവന്റസാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികളായി എത്തുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ കൂടി എത്തിയതോടെ കരുത്ത് ഇരട്ടിയായ യുവന്റസിനെ തളയ്ക്കുക അത്ര എളുപ്പമാകില്ല മാഞ്ചസ്റ്റർ യുണൈറ്റഡിന്. സീസണിൽ ഒരു മത്സരം പോലും പരാജയപ്പെടാതെ നിൽക്കുകയാണ് യുവന്റസ്. കളിച്ച ഒരു മത്സരത്തിലെ സമനില ഒഴികെ ബാക്കി എല്ലാത്തിലും യുവന്റസിന് വിജയമായിരുന്നു‌.

മറുവശത്ത് മാഞ്ചസ്റ്റർ യുണൈറ്റഡാവട്ടെ ഇനിയും സ്ഥിരത കൈവരിച്ചിട്ടില്ല. അവസാന രണ്ടു മത്സരങ്ങൾ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു എങ്കിലും യുണൈറ്റഡിന്റെ നില ഇപ്പോഴും പരുങ്ങലിലാണ്. കഴിഞ്ഞ സീസണിൽ ഗോളടിച്ചു കൂട്ടിയിരുന്ന ലുകാകു ഗോളടിക്കാൻ മറന്നു പോയതും മൗറീനോക്ക് തലവേദന നൽകുന്നു. ഇന്ന് പരിക്കേറ്റ സാഞ്ചസ് കളിക്കുകയുമില്ല.

മാർഷ്യലിന്റെ ഫോമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇന്നത്തെ പ്രതീക്ഷ. കഴിഞ്ഞ മത്സരത്തിൽ ചെൽസിക്കെതിരെ മാർഷ്യലായിരുന്നു രണ്ട് ഗോളുകളും നേടിയത്. പോഗ്ബ തന്റെ മുൻ ക്ലബിനെതിരെ മികവിൽ എത്തുമോ എന്നും ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഉറ്റുനോക്കുന്നു. യുവന്റസിന്റെ താരങ്ങളെല്ലാം മികച്ച ഫോമിലാണ്. റൊണാൾഡോ ചാമ്പ്യൻസ് ലീഗിൽ ഈ സീസണിലെ ആദ്യ ഗോൾ ലക്ഷ്യം വെച്ചാകും ഇന്ന് ഇറങ്ങുക. മാഞ്ചസ്റ്റർ യുണൈറ്റ്ഡ് വിട്ട ശേഷം റൊണാൾഡോ ഇത് രണ്ടാം തവണയാണ് ഓൾഡ് ട്രാഫോർഡിൽ എത്തുന്നത്. ആദ്യ തവണ എത്തിയപ്പോൾ ഗോളും നേടി ആയിരുന്നു മടങ്ങിയത്.

ഗ്രൂപ്പിലെ കഴിഞ്ഞ മത്സരത്തിൽ വലൻസിയയോട് ഓൾഡ്ട്രാഫോർഡിൽ സമനില വഴങ്ങിയ മാഞ്ചസ്റ്ററിന് ഒരു ഹോം മത്സരത്തിൽ കൂടെ പോയന്റ് നഷ്ടപ്പെടുത്തുന്നത് ചിന്തിക്കാനാവില്ല. അത് മാഞ്ചസ്റ്ററിന്റെ നോക്കൗട്ട് പ്രതീക്ഷകൾ തന്നെ അവസാനിപ്പിച്ചേക്കും.

ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുക്ക. സോണി നെറ്റ്വർക്കിൽ മത്സരം തത്സമയം കാണാം.

Advertisement