ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ ഏറ്റവും വലിയ പോരാണ് വരാനിരിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ബാഴ്സലോണ പോരാട്ടം. ഈ പോര് കാണണമെങ്കിൽ ഇരു ടീമിലെ ആരാധകരും കൈ പൊള്ളുന്ന വില കൊടുക്കേണ്ടി വരും. ബാഴ്സലോണ അവരുടെ സ്റ്റേഡിയത്തിൽ നടക്കുന്ന കളി കാണാൻ എവേ ഫാൻസിന്, അതായത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്കുള്ള ടിക്കറ്റിന് ചരിത്രത്തിൽ ഇല്ലാത്ത അത്ര വലിയ വിലയാണ് ഇട്ടിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ക്യാമ്പ്നൂവിൽ കളി കാണണം എങ്കിൽ 120 യൂറോ കൊടുക്കേണ്ടി വരും.
ഫൈനലുകൾക്ക് അല്ലാതെ ഇത്ര വലിയ ടിക്കറ്റ് തുക ഒരു എവേ മത്സരത്തിൽ കൊടുക്കേണ്ടി വരുന്നത് ഇതാദ്യമാണ്. ടിക്കറ്റ് വില കുറയ്ക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ബാഴ്സലോണയോട് ആവശ്യപ്പെട്ടു എങ്കിലും അത് ക്ലബ് പരിഗണിച്ചില്ല. തുടർന്ന് ഇത് മറികടക്കാനുള്ള നടപടി മാഞ്ചസ്റ്റർ ക്ലബ് എടുത്തു. ഓൾഡ്ട്രാഫോർഡിൽ നടക്കുന്ന മത്സരത്തിൽ ബാഴ്സലോണ ആരാധകർക്കും സമാനമായ നിരക്കിൽ ടിക്കറ്റ് കൊടുക്കാൻ ആണ് യുണൈറ്റഡ് തീരുമാനിച്ചത്. ബാഴ്സ ആരാധകരും 120 യൂറോ ഒരു ടിക്കറ്റിന് വേണ്ടി ചിലവാക്കേണ്ടി വരും.
ബാഴ്സലോണ ആരാധകർക്ക് ഇട്ടിരിക്കുന്ന ടിക്കറ്റ് വിലയിൽ നിന്ന് ലഭിക്കുന്ന അധിക വരുമാനം ഉപയോഗിച്ച് ബാഴ്സലോണയിൽ കളി കാണാൻ പോകുന്ന യുണൈറ്റഡ് ആരാധകരുടെ ചിലവ് കുറക്കുകയാണ് യുണൈറ്റഡിന്റെ ലക്ഷ്യം. ബാഴ്സലോണയിൽ 120 യൂറോയ്ക്ക് ടിക്കറ്റ് എടുക്കുന്ന ആരാധകർ 45 യൂറോ യുണൈറ്റഡ് തിരികെ നൽകും. അങ്ങനെ യുണൈറ്റഡ് ആരാധകരുടെ ടിക്കറ്റ് നിരയ്ക്ക് 75 യൂറോ ആക്കു കുറയ്ക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനാകും. യുണൈറ്റഡ് മുമ്പും ഇത്തരത്തിൽ ആരാധകരെ സഹായിച്ചിട്ടുണ്ട്.