ചാമ്പ്യൻസ് ലീഗിൽ ഇന്ന് ഒരു സ്വപ്നം പോരാട്ടമാണ്. ലോക ഫുട്ബോളിലെ മാന്ത്രികൻ ലയണൽ മെസ്സി ലോക ഫുട്ബോളിലെ മികച്ച ഗ്രൗണ്ടുകളിൽ ഒന്നായ ഓൾഡ്ട്രാഫോർഡിൽ ഇറങ്ങുന്ന ദിവസം. നാലു ക്വാർട്ടർ പോരാട്ടങ്ങളിൽ ഏറ്റവും ആകാംക്ഷയോടെ ഫുട്ബോൾ ആരാധകർ കാത്തു നിന്ന മത്സരം. മാഞ്ചസ്റ്റർ യുണൈറ്റഡും ബാഴ്സലോണയും തമ്മിലുള്ള മത്സരം.
ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദം യുണൈറ്റഡ് ഹോം ഗ്രൗണ്ടായ ഓൾഡ്ട്രാഫോർഡിലാണ് നടക്കുന്നത്. ബാഴ്സലോണയെ ആണ് പലരും ഫേവറിറ്റ്സ് ആയി കാണുന്നത് എങ്കിലും പ്രീക്വാർട്ടറിൽ പി എസ് ജിയെ തകർത്തു വന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ ചെറുതായി കണ്ടാൽ ബാഴ്സലോണ വലിയ വില കൊടുക്കേണ്ടി വരും. അവസാന നാലു മത്സരങ്ങളിൽ മൂന്ന് പരാജയം നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് അത്ര മികച്ച ഫോമിൽ അല്ല ഇപ്പോൾ.
പക്ഷെ സോൾഷ്യർ വന്നതിന് ശേഷം മികച്ച ഫുട്ബോൾ കളിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ആരെയും ഭയക്കുന്ന ടീമല്ല. മാറ്റിച്, ഹെരേര, വലൻസിയ തുടങ്ങി നിരവധി താരങ്ങൾ പരിക്ക് ആയതിനാൽ ഇന്ന് യുണൈറ്റഡ് നിരയിൽ ഉണ്ടാകില്ല. ട്രെയിനിങ് പുനരാരംഭിച്ചെങ്കിലും സാഞ്ചേസും കളിക്ക് ഉണ്ടാകാൻ സാധ്യത ഇല്ല.
മറുവശത്ത് മികച്ച ഫോമിലാണ് ബാഴ്സലോണ ഉള്ളത്. അവസാന മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ചാണ് ബാഴ്സലോണ വരുന്നത്. പരിക്ക് മാറി ഡെംബലെ എത്തും എന്നതും ബാഴ്സലോണക്ക് ഊർജ്ജമാണ്. മെസ്സി സുവാരസ് അറ്റാക്കിനെ എങ്ങനെ യുണൈറ്റഡിന്റെ ശരാശരി നിലവാരം മാത്രമുള്ള ഡിഫൻസ് നേരിടും എന്നും വ്യക്തതയില്ല.