തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോളുകൾ കണ്ടെത്താനാവാതെ വിഷമിക്കുന്ന റയൽ മാഡ്രിഡ് പ്രതിസന്ധിയിൽ. 11 വർഷങ്ങൾക്ക് ശേഷമാണ് തുടർച്ചയായ 3 മത്സരങ്ങളിൽ മാഡ്രിഡ് ഗോൾ നേടാതെ കളം വിടുന്നത് എന്ന പ്രത്യേകതയും ഉണ്ട്. പുതിയ പരിശീലകൻ ലപറ്റെഗി ഇതോടെ കടുത്ത സമ്മർദ്ദത്തിലാകും എന്ന് ഉറപ്പാണ്.
ഇന്നലെ സി എസ് കെ മോസ്കോ 65 സെക്കന്റ് കൊണ്ട് നേടിയ ഏക ഗോളിൽ റയലിനെ മറികടന്നിരുന്നു. ചാമ്പ്യൻസ് ലീഗിൽ ആദ്യ മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്ക് റോമയെ തകർത്ത് തുടങ്ങിയ ചാംപ്യന്മാരുടെ ഈ തോൽവി പക്ഷെ അപ്രതീക്ഷിതമായിരുന്നു. ലോകോത്തര ആക്രമണ നിരയുള്ള ഒരു ടീം 3 മത്സരങ്ങളിൽ ഗോൾ നേടിയിട്ടില്ല എന്നത് പരിശീലകന്റെ തന്ത്രങ്ങളുടെ പിഴവ് തന്നെയാണ്. ഇനിയും ഈ ഫോം തുടർന്നാൽ ലപറ്റെഗി ഏറെ നാൾ ബെർണാബുവിൽ തുടർന്നേക്കില്ല.