ജർമനിയിൽ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കൊണ്ടുവന്ന നിയന്ത്രണങ്ങളുടെ ഭാഗമായി മാഞ്ചസ്റ്റർ സിറ്റിയും ബൊറൂസിയ മൊഞ്ചൻഗ്ലാഡ്ബാഗുമായുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ വേദി മാറ്റി. കൂടാതെ ലിവർപൂളിന്റെ ലെയ്പ്സിഗുമായുള്ള മത്സരത്തിന്റെ വേദിയും മാറ്റിയിട്ടുണ്ട്. യു.കെയിൽ നിന്നുള്ള യാത്രക്കാർക്ക് ജർമനി വിലക്ക് ഏർപെടുത്തിയതോടെയാണ് മത്സരങ്ങൾ മറ്റൊരു വേദിയിലേക്ക് മാറ്റാൻ യുവേഫ നിർബന്ധിതരായത്.
നിലവിൽ ഫെബ്രുവരി 16 വരെയാണ് യാത്ര വിലക്ക് ഉള്ളതെങ്കിലും വിലക്ക് നീട്ടാനുള്ള സാധ്യത കൂടുതലാണ്. തുടർന്നാണ് മത്സരം മറ്റൊരു വേദിയിലേക്ക് മാറ്റാൻ യുവേഫ തീരുമാനിച്ചത്. ഇത് പ്രകാരം ബൊറൂസിയ മൊഞ്ചൻഗ്ലാഡ്ബാഗിന്റെ ഹോം മത്സരം ഹംഗറിയിലെ ബുഡാപെസ്റ്റിലെ പുഷ്കാസ് അറീനയിൽ വെച്ച് ഫെബ്രുവരി 24ന് നടക്കും. കൂടാതെ ലിവർപൂളിന്റെ ലെയ്പ്സിഗുമായുള്ള മത്സരവും ഇതേ വേദിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് ഫെബ്രുവരി 16നാണ് നടക്കുക. അത്ലറ്റികോ മാഡ്രിഡിന്റെ ചെൽസിക്കെതിരായ മത്സരവും മറ്റൊരു വേദിയിലേക് മാറ്റാനുള്ള സാധ്യതയുണ്ട്.