ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ ലിവർപൂൾ തങ്ങളുടെ മികച്ച റെക്കോർഡ് നിലനിർത്തി കൊണ്ട് ജിറോണയ്‌ക്കെതിരെ വിജയം നേടി. സ്പെയിനിൽ നടന്ന മത്സരത്തിൽ 1-0 എന്ന സ്കോറിനായിരുന്നു ലിവർപൂളിന്റെ വിജയം. മുഹമ്മദ് സലായുടെ രണ്ടാം പകുതിയിൽ നേടിയ പെനാൽറ്റി ഗോളിലാണ് അവർ ജയിച്ചത്. 18 പോയിൻ്റുമായി ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് ലിവർപൂൾ. ജിറോണ മൂന്ന് പോയിൻ്റുമായി 30-ാം സ്ഥാനത്താണ്.
ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ച് ജിറോണക്ക് എന്നാൽ ഒരു ഗോൾ നേടാൻ ആകാഞ്ഞത് വിനയായി. 63-ാം മിനിറ്റിൽ ഡോണി വാൻ ഡി ബീക്ക് ലൂയിസ് ഡയസിനെ ഫൗൾ ചെയ്തതിന് ആണ് പെനാൽറ്റി പിറന്നത്. റയൽ മാഡ്രിഡിനെതിരായ മുൻ മത്സരത്തിൽ പെനാൽറ്റി നഷ്‌ടമാക്കിയ സലാ ഇത്തവണ ഒരു പിഴവും വരുത്തിയില്ല, ശാന്തമായി പന്ത് താഴെയുള്ള മൂലയിലേക്ക് സ്ലോട്ട് ചെയ്ത് തൻ്റെ 50-ാം ചാമ്പ്യൻസ് ലീഗ് ഗോൾ അദ്ദേഹം നേടി.
ഗോളിന് ശേഷം ലിവർപൂൾ മികച്ച രീതിയിൽ കളി നിയന്ത്രിച്ചു, പൊസഷൻ നിലനിർത്തുകയും ജിറോണയ്ക്ക് സമനില ഗോളിനുള്ള വ്യക്തമായ അവസരങ്ങൾ നിഷേധിക്കുകയും ചെയ്തു.