ചാമ്പ്യൻസ് ലീഗ് രാത്രിയിൽ ഇന്ന് ആൻഫീൽഡിൽ ലിവർപൂൾ – പോർട്ടോ പോരാട്ടം

Image: Getty Images
- Advertisement -

കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളായ ലിവർപൂൾ ഇന്ന് സ്വന്തം തട്ടകത്തിൽ പോർട്ടോയെ നേരിടും. പ്രീ ക്വാർട്ടറിൽ ബയേൺ മ്യൂണിക്കിനെ തോൽപ്പിച്ചാണ് ലിവർപൂൾ ക്വാർട്ടർ ഉറപ്പിച്ചത്. അതെ സമയം റോമായെ തോൽപ്പിച്ചാണ് പോർട്ടോ ക്വാർട്ടറിൽ എത്തിയത്. ഈ മത്സരത്തിലെ വിജയികളാവും സെമി ഫൈനലിൽ ബാഴ്‌സലോണ – മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിലെ വിജയികളെ നേരിടുക.

കഴിഞ്ഞ തവണ കൈവിട്ടുപോയ ചാമ്പ്യൻസ് ലീഗ് കിരീടം തിരിച്ചുപിടിക്കാനുറച്ച് തന്നെയാണ് ലിവർപൂൾ പോർട്ടോയെ നേരിടുക. കഴിഞ്ഞ 33 മത്സരങ്ങളിൽ ഒന്ന് മാത്രം തോറ്റ ലിവർപൂൾ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്താണ്. ക്വാർട്ടർ ഫൈനലിൽ എത്തിയ ടീമുകളിൽ ഏറ്റവും ദുർബലരായ പോർട്ടോ ആൻഫീൽഡിൽ ലിവർപൂൾ ആക്രമണത്തെ എങ്ങനെ തടയുമെന്നതിനെ ആശ്രയിച്ചാവും മത്സരഫലം. ഇന്നത്തെ മത്സരത്തിൽ ഒരു സമനില പോലും പോർട്ടോക്ക് അടുത്ത പാദത്തിൽ സ്വന്തം ഗ്രൗണ്ടിൽ ആത്മവിശ്വാസം നൽകും.

എന്നാൽ ചാമ്പ്യൻസ് ലീഗിൽ അവസാനം കളിച്ച 12 നോക്ഔട്ട് എവേ മത്സരങ്ങളിൽ ഒന്ന് പോലും പോർട്ടോ ജയിച്ചിട്ടില്ല. 8 മത്സരങ്ങളിൽ ഈ കാലയളവിൽ പോർട്ടോ പരാജയപ്പെടുകയും ചെയ്തിരുന്നു. 2004ലാണ് പോർട്ടോ അവസാനമായി ഒരു എവേ മത്സരം ജയിക്കുന്നത്. കഴിഞ്ഞ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് ലിവർപൂൾ ജയിച്ചിരുന്നു.

ലിവർപൂൾ നിരയിൽ വിലക്ക് മൂലം ആന്റി റോബർട്സൺ ഇന്ന് കളിക്കില്ല.പരിക്കിൽ നിന്ന് പൂർണ്ണമായും മുക്തനാവാത്ത ആദം ലലാനയും ഇന്ന് ടീമിൽ ഇടം നേടാൻ സാധ്യത കുറവാണ്. പോർട്ടോ നിരയിൽ മുൻ റയൽ മാഡ്രിഡ് പ്രതിരോധ താരം പെപെ പരിക്കിന്റെ പിടിയിലാണ്. കൂടാതെ ക്യാപ്റ്റൻ ഹെക്ടർ ഹെരേരയും വിലക്ക് മൂലം ഇന്ന് ഇറങ്ങില്ല

Advertisement