പോർട്ടോയിൽ ചരിത്രം പിറന്നില്ല, അനായാസം ലിവർപൂൾ സെമിയിൽ

Photo:Twitter/@LFC
- Advertisement -

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിലെ രണ്ടാം പാദത്തിലെ പോരാട്ടത്തിൽ പോർട്ടോയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ച് ലിവർപൂൾ സെമി ഉറപ്പിച്ചു. ആദ്യം പാദത്തിൽ 2-0ന്റെ ജയം നേടിയ ലിവർപൂൾ രണ്ടു പാദങ്ങളിലുമായി 6-1ന്റെ ജയം സ്വന്തമാക്കിയാണ് ചാമ്പ്യൻസ് ലീഗിന്റെ സെമി ഉറപ്പിച്ചത്. ആദ്യ പകുതിയിൽ ഏകപക്ഷീയമായ ഒരു ഗോളിന് മുൻപിലായിരുന്ന ലിവർപൂൾ രണ്ടാം പകുതിയിൽ മൂന്ന് ഗോൾ കൂടി നേടി തങ്ങളുടെ ജയം ഉറപ്പിക്കുകയായിരുന്നു.

ലിവർപൂളിന് വേണ്ടി ആദ്യ പകുതിയിൽ തങ്ങളുടെ ആദ്യ ഷോട്ടിൽ നിന്ന് മാനെയാണ് ഗോൾ നേടിയത്. തുടർന്ന് രണ്ടാം പകുതിയിൽ സലയിലൂടെ ലിവർപൂൾ ലീഡ് ഇരട്ടിയാക്കിയെങ്കിലും തൊട്ടടുത്ത മിനുട്ടിൽ തന്നെ പോർട്ടോ മിലിറ്റവോയിലൂടെ ഒരു ഗോൾ മടക്കി. എന്നാൽ തുടർന്ന് ഫിർമിനോയും വാൻ ഡൈകും നേടിയ ഗോളുകൾ ലിവർപൂളിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു.

കഴിഞ്ഞ സീസണിൽ പോർട്ടോയുടെ ഗ്രൗണ്ടിൽ വെച്ച് നടന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ലിവർപൂൾ പോർട്ടോയൊ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. സെമി ഫൈനലിൽ ലിവർപൂൾ ബാഴ്‌സലോണയെ നേരിടും

Advertisement