ഗെങ്കിനെ ഗോളിൽ മുക്കി ലിവർപൂൾ ജയം

Staff Reporter

ചാമ്പ്യൻസ് ലീഗിൽ ഗെങ്കിനെ ഗോളിൽ മുക്കി ലിവർപൂൾ. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ലിവർപൂൾ ബെൽജിയൻ ടീമായ ഗെങ്കിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡ് മാത്രം ഉണ്ടായിരുന്ന ലിവർപൂൾ രണ്ടാം പകുതിയിൽ മൂന്ന് ഗോളടിച്ച് തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. ആദ്യ പകുതിയിൽ ഗെങ്ക് ഒരു ഗോൾ മടക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചത് അവർക്ക് തിരിച്ചടിയായി.

ലിവർപൂളിന് വേണ്ടി ഓക്സലൈഡ് ചേമ്പർലൈൻ ഇരട്ട ഗോൾ നേടിയ തിളങ്ങിയപ്പോൾ സാദിയോ മാനെയും മുഹമ്മദ് സലയുമാണ് മറ്റു ഗോളുകൾ നേടിയത്. ഗെങ്കിന്റെ ആശ്വാസ ഗോൾ മത്സരം തീരാൻ മിനുറ്റുകൾ ബാക്കി നിൽക്കെ ഒഡോയ് നേടി.  ജയത്തോടെ ലിവർപൂൾ ഗ്രൂപ്പിൽ ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തി. 7 പോയിന്റുള്ള നാപോളിയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്.