ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് റെഡ് കൊടുത്ത റഫറിക്ക് മതിഭ്രമമാണെന്നു മുൻ ഇറ്റാലിയൻ -യുവന്റസ് കോച്ചായ മാഴ്‌സെല്ലോ ലിപ്പി. ചാമ്പ്യൻസ് ലീഗിലെ യുവന്റസിന്റെ വലൻസിയക്കെതിരായ മത്സരത്തിലാണ് ചുവപ്പ് കണ്ടു റൊണാൾഡോ പുറത്ത് പോയത്. ഒരാളുടെ മതിഭ്രമത്തിന്റെ പേരിൽ സുപ്രധാനമായ മത്സരം കളഞ്ഞ് കുളിക്കരുതെന്നും മാഴ്‌സെല്ലോ ലിപ്പി പറഞ്ഞു. നിലവിൽ ചൈനീസ് ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനാണ് ലിപ്പി.
റൊണാൾഡോയ്ക്ക് ലഭിച്ച ചുവപ്പ് കാർഡ് ചാമ്പ്യൻസ് ലീഗിൽ വീഡിയോ അസിസ്റ്റന്റ് റഫറിയുടെ (VAR) ആവശ്യകത വിളിച്ചോതുന്നതാണെന്നും ലിപ്പി കൂട്ടിച്ചെർത്തു. തെറ്റ് പറ്റിയെന്നു യുവേഫ തുറന്നു സമ്മതിക്കണമെന്നും റൊണാൾഡോയ്ക്ക് കൂടുതൽ മത്സരങ്ങളിൽ വിലക്ക് നല്കാൻ പാടില്ലെന്നും ലിപ്പി ആവശ്യപ്പെട്ടു. നേരിട്ട് ചുവപ്പ് കാർഡ് കിട്ടിയ റൊണാൾഡോയ്‌ക്കെതിരെ അന്വേഷണമാണ് യുവേഫ ആരംഭിച്ചിട്ടുണ്ട്. യുവന്റസ് താരത്തിന് കൂടുതൽ മത്സരങ്ങളിൽ വിലക്ക് കിട്ടുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.