പാരീസ് സെയിന്റ് ജർമ്മൻ താരങ്ങളുടെ മത്സരത്തിനിടയിലെ അഭിനയത്തെ നിശിതമായി വിമർശിച്ച് ലിവർപൂൾ പരിശീലകൻ ക്ളോപ്പ് രംഗത്ത്. നെയ്മറും സംഘവും ലിവർപൂളിനെ ഇറച്ചി വെട്ടുകാരെ പോലെ തോന്നിപ്പിക്കുന്ന വിധത്തിലാണ് ഫൗളുകൾക്ക് പ്രതികരിച്ചത് എന്നാണ് ലിവർപൂൾ പരിശീലകൻ ആരോപിച്ചത്. ലിവർപൂൾ 2-1 ന് തോറ്റ മത്സരത്തിൽ ആകെ 8 മഞ്ഞ കാർഡുകൾ ഉപയോഗിച്ചതിന് 6 എണ്ണവും ലിവർപൂളിന്റെ കളിക്കാരാണ് നേടിയത്.
കളിയുടെ സ്പിരിറ്റിന് ചേരാത്ത നടപടികളാണ് പാരീസ് താരങ്ങളുടെ പക്ഷത്ത് നിന്ന് ഉണ്ടായത് എന്നാണ് ക്ളോപ്പ് ആരോപിച്ചത്. ഓരോ തവണ വീഴുമ്പോഴും ഇപ്പോൾ മരിക്കും എന്ന രീതിയിലാണ് അവർ അഭിനയിച്ചത്, തൊട്ടടുത്ത നിമിഷം അവർ പ്രശ്നം ഒന്നും ഇല്ലാതെ എണീറ്റ് നിൽക്കുകയും ചെയ്തു. ഇത്തരം നടപടികൾ കളിക്ക് ഒരിക്കലും ഗുണം ചെയ്യില്ല. ജോ ഗോമസിനെ പോലൊരു കളിക്കാരൻ ഒരിക്കലും ഫൗൾ ചെയ്യുന്ന ആളല്ല, പക്ഷെ പി എസ് ജി താരങ്ങളുടെ അഭിനയം കാരണം ഗോമസ് ചുവപ്പ് കാർഡ് ലഭിക്കുന്നതിന് അടുത്തെത്തി.
ഇന്നലത്തെ തോൽവിയോടെ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താകുന്നതിന്റെ വക്കിലാണ് ലിവർപൂൾ. ആൻഫീൽഡിൽ അവരുടെ അവസാന മത്സരത്തിൽ നാപോളിയോട് ജയിക്കേണ്ടത് അവർക്ക് സാധ്യത നിലനിർത്താൻ അത്യാവശ്യമാണ്.