യുവന്റസിനു മുന്നിലും പതറി മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗിലും രക്ഷയില്ല. ഇന്ന് ഓൾഡ്ട്രാഫോർഡിൽ നടന്ന സൂപ്പർ പോരാട്ടത്തിൽ യുവന്റസ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു യുവന്റസിന്റെ വിജയം. റൊണാൾഡോയുടെ മാഞ്ചസ്റ്ററിലേക്കുള്ള മടക്കം ചർച്ചയായ മത്സരത്തിൽ പക്ഷെ താരമായത് ഡിബാല ആയിരുന്നു.

കളിയുടെ 18ആം മിനുട്ടിൽ ഡിബാല ആണ് കളിയിലെ ഏക ഗോൾ നേടിയത്. റൊണാൾഡോ ഇടതു വിങ്ങിൽ നിന്ന് നൽകിയ ക്രോസ് മാഞ്ചസ്റ്റർ ഡിഫൻശ് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഡിബാലയുടെ കാലിൽ എത്തുകയായിരുന്നു. ഡിഹിയയെ കീഴടക്കാൻ അധികം പണി എടുക്കേണ്ടി വന്നി ഡിബാലയ്ക്ക്. കഴിഞ്ഞ മത്സരത്തിൽ ഹാട്രിക്ക് നേടിയിരുന്ന ഡിബാലക്ക് ഈ ഗോളോടെ ചാമ്പ്യൻസ് ലീഗിൽ നാലു ഗോളുകളായി.

ആദ്യ പകുതിയിൽ യുവന്റസിന്റെ സമ്പൂർണ്ണ് ആധിപത്യമായിരുന്നു കണ്ടത്. പലപ്പോഴും ഡി ഹിയ രക്ഷക്ക് എത്തിയത് കൊണ്ട് മാത്രം സ്കോർ ഒന്നിനു മുകളിലേക്ക് പോയില്ല. രണ്ടാം പകുതിയിൽ കുറച്ച് കൂടെ ഭേദപ്പെട്ട പ്രകടനം യുണൈറ്റഡ് നടത്തി. പക്ഷെ യുവന്റസ് ഗോൾകീപ്പറെ ആകെ ഒരു തവണ മാത്രമെ പരീക്ഷിക്കൻ യുണൈറ്റഡിനായുള്ളു. പോൾ പോഗ്ബയുടെ ഒരു ലോംഗ് റേഞ്ചർ മാത്രമായിരുന്നു ഗോളാകുമെന്ന് തോന്നിച്ച ഒരേയൊരു ശ്രമം. അതാകട്ടെ പോസ്റ്റിന് തട്ടി മടങ്ങുകയും ചെയ്തു.

ഇന്നത്തെ വിജയം യുവന്റസിനെ ഗ്രൂപ്പിൽ 9 പോയന്റിൽ എത്തിച്ചു. നോക്കൗട്ടിൽ യുവന്റസ് ഒരു കാലെടുത്തു വെച്ചു എന്നു തന്നെ പറയാം. മാഞ്ചസ്റ്റർ യുണൈറ്റഡിന് മൂന്ന് മത്സരങ്ങളിൽ നിന്ന് നാലു പോയന്റു മാത്രമാണുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് അവസാന ഏഴു മത്സരങ്ങളിൽ ഒരു ജയം മാത്രമെ ഉള്ളു എന്നതും ആരാധകരുടെ നിരാശ വർധിപ്പിക്കുന്നു.