ആദ്യ പാദത്തിൽ നേടിയ 2-0ന്റെ വിജയത്തിന്റെ കരുത്തിൽ ലിവർപൂൾ ഇന്ന് ഇന്റർ മിലാനെ ആൻഫീൽഡിലേക്ക് സ്വാഗതം ചെയ്യുകയാണ്. ചാമ്പ്യൻസ് ലീഗ് അവസാന-16ലെ രണ്ടാം പാദ മത്സരത്തിൽ അത്ഭുതങ്ങൾ കാണിച്ചാൽ മാത്രമേ ഇന്റർ മിലാന് ക്വാർട്ടർ കാണാൻ ആവുകയുള്ളൂ.
സാൻ സിറോയിൽ നടന്ന ആദ്യ പാദത്തിൽ റോബർട്ടോ ഫിർമിനോ, മുഹമ്മദ് സലാ എന്നിവരുടെ ഗോളിലായുരുന്നു യുർഗൻ ക്ലോപ്പിന്റെ ടീം വിജയിച്ചത്. ആറിൽ നിന്ന് ആറ് വിജയങ്ങൾ എന്ന മികച്ച ഗ്രൂപ്പ്-സ്റ്റേജ് റെക്കോർഡുമായായിരുന്നു ലിവർപൂൾ പ്രീക്വാർട്ടറിലേക്ക് എത്തിയത്.
ഇതിനകം തന്നെ EFL കപ്പ് സ്വന്തമാക്കിയ ലിവർപൂൾ എഫ്‌എ കപ്പിന്റെ ക്വാർട്ടറിലും പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിലും ഉണ്ട്. ലിവർപൂൾ ഇപ്പോൾ ക്വാഡ്രപ്പിൾ തന്നെ ആണ് സ്വപ്നം കാണുന്നത്
2010-11 സീസണിന് ശേഷം ചാമ്പ്യൻസ് ലീഗിലെ അവസാന എട്ടിൽ ഇടം പിടിക്കാൻ ഇന്റർ മിലാന് കഴിഞ്ഞിട്ടില്ല. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഒരു ടീമിന് മാത്രമേ ഹോം ഗ്രൗണ്ടിൽ നടന്ന ആദ്യ പാദത്തിൽ രണ്ട് ഗോളിന്റെ തോൽവിയിൽ നിന്ന് തിരിച്ചുവന്നിട്ടുള്ളൂ. അത് – 2018-19ൽ പാരീസ് സെന്റ് ജെർമെയ്‌നെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തിരിച്ചുവരവായിരുന്നു.
ഇന്ന് രാത്രി 1.30ന് നടക്കുന്ന മത്സരം സോണി നെറ്റ്വർക്കിൽ തത്സമയം കാണാം.