ചാമ്പ്യൻസ് ലീഗ്, ബയേണ് ഇന്ന് സാൽസ്ബർഗിന്റെ വെല്ലുവിളി

Newsroom

റെഡ് ബുൾ സാൽസ്ബർഗ് ഇന്ന് മ്യൂണിക്കിൽ വെച്ച് ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 രണ്ടാം പാദത്തിൽ കരുത്തരായ ബയേണിനെ നേരിടും. കഴിഞ്ഞ മാസം ആദ്യ പാദത്തിൽ 1-1ന്റെ സമനില ബയേൺ വഴങ്ങിയിരുന്നു. അന്ന് 21-ാം മിനിറ്റിൽ ചുക്വുബുകെ അദാമു സാൽസ്ബർഗിന് ലീഡ് നൽകി. കളിയുടെ അവസാനം മാത്രമായിരുന്നു ബയേൺ സമനില നേടിയത്. കോമാനിലൂടെ ആയിരുന്നു സമനില വന്നത്. Images (8)

ബുണ്ടസ്‌ലിഗ ചാമ്പ്യന്മാർ അവരുടെ ഗ്രൂപ്പ് ഇയിലെ ആറ് മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്തിയിരുന്നു. കഴിഞ്ഞ സീസണിൽ ക്വാർട്ടർ ഫൈനലിൽ ആയിരുന്നു ബയേൺ പുറത്തായത്. അവസാന 10 സീസണുകളിൽ ഒമ്പതിലും അവസാന എട്ടിൽ ബയേൺ ഉണ്ടായിരുന്നു. ഇത്തവണയും ബയേൺ ക്വാർട്ടറിൽ ഉണ്ടാകും എന്നാണ് അവരുടെ ആരാധകർ വിശ്വസിക്കുന്നത്. സാൽസ്ബർഗിന് ഇത് അവരുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആണ്.

ഇന്ന് രാത്രി 1.30ന് നടക്കുന്ന മത്സരം സോണി നെറ്റ്വർക്കിൽ തത്സമയം കാണാം.