മൗറിനോയുടെ റെക്കോർഡിനൊപ്പമെത്തി ഗ്വാർഡിയോള

- Advertisement -

ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ സെമി ഫൈനലിൽ എത്തിയ പരിശീലകൻ എന്ന മൗറിനോയുടെ റെക്കോർഡിനൊപ്പമെത്തി മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ ഡോർട്മുണ്ടിനെ 2-1ന് പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റർ സിറ്റി സെമി ഫൈനലിൽ എത്തിയത്.

പരിശീലകൻ എന്ന നിലയിൽ ഇത് പെപ് ഗ്വാർഡിയോളയുടെ എട്ടാമത്തെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലാണ്. മൗറിനോയും 8 തവണ തന്റെ ടീമിനെ ചാമ്പ്യൻസ് ലീഗിന്റെ സെമിയിൽ എത്തിച്ചിട്ടുണ്ട്. പെപെ ഗ്വാർഡിയോള പരിശീലിപ്പിച്ച ബാഴ്‌സലോണ, ബയേൺ മ്യൂണിച്ച് എന്നിവരുടെ കൂടെയും ഇതിന് മുൻപ് ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ കളിച്ചിട്ടുണ്ട്. എന്നാൽ അവസാനമായി 2010-11 സീസണിൽ ബാഴ്‌സലോണയുടെ കൂടെയാണ് പെപ് ഗ്വാർഡിയോള ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയത്.

അതെ സമയം മൗറിനോ നാല് വ്യത്യസ്‍ത ക്ലബ്ബുകളുടെ കൂടെയാണ് ചാമ്പ്യൻസ് ലീഗ് സെമിയിൽ എത്തിയത്. പോർട്ടോ, ചെൽസി, ഇന്റർ മിലാൻ, റയൽ മാഡ്രിഡ് എന്നീ ടീമുകളുടെ കൂടെയാണ് മൗറിനോ ചാമ്പ്യൻസ് ലീഗ് സെമിയിൽ എത്തിയത്. ഇതിൽ പോർട്ടോയുടെയും ഇന്റർ മിലാന്റെയും കൂടെ ചാമ്പ്യൻസ് ലീഗ് കിരീടവും മൗറിനോ നേടിയിട്ടുണ്ട്.

Advertisement