ശക്തറിനെതിരെ സിക്സർ ജയവുമായി ഗ്ലാഡ്ബാച്

ജർമ്മൻ ക്ലബായ ബൊറൂസിയ മൊഞ്ചൻഗ്ലാഡ്ബാചിന്റെ ആറാട്ട് ആണ് ഇന്ന് ഉക്രൈനിൽ കണ്ടത്. ഉക്രൈനിൽ ചെന്ന് ശക്തർ ഡൊനെസ്കിനെ നേരിട്ട ഗ്ലാഡ്ബാച് എതിരില്ലാത്ത ആറു ഗോളുകളുടെ വൻ വിജയം തന്നെയാണ് നേടിയത്. ഗ്ലാഡ്ബാചിന്റെ ഗ്രൂപ്പിലെ ആദ്യ വിജയം മാത്രമായിരുന്നു ഇത്. ഫ്രഞ്ച് അറ്റാക്കിംഗ് തരം അലസാനെ പ്ലിയയുടെ ഹാട്രിക്കാണ് ഗ്ലാഡ്ബാചിന് ഈ വലിയ വിജയം നൽകിയത്.

ആദ്യ പകുതിയിൽ തന്നെ എതിരില്ലാത്ത നാലു ഗോളുകൾക്ക് ഗ്ലാഡ്ബാച് മുന്നിൽ എത്തിയിരുന്നു. 8, 26, 78 മിനുട്ടുകളിൽ ആയിരുന്നു പ്ലിയയുടെ ഗോളുകൾ. സ്റ്റിൻഡിൽ നേടിയ ഗോൾ ഒരുക്കിയതും പ്ലിയ ആയിരുന്നു. ബെൻസബൈനിയും ഒരു ഗോൾ നേടി. ഒരു സെൽഫ് ഗോളും ഗ്ലാഡ്ബാചിന് അനുകൂലമായി ലഭിച്ചു. ഈ വിജയത്തോടെ ഗ്ലാഡ് ബാച് ഗ്രൂപ്പിൽ ഒന്നാമതായി. നേരത്തെ റയൽ മാഡ്രിഡിനെയും ഇന്റർ മിലാനെയും സമനിലയിൽ തളക്കാനും ഗ്ലാഡ്ബാചിനായിരുന്നു.