ചാമ്പ്യൻസ് ലീഗ് ഫൈനലിൽ രണ്ട് ഇംഗ്ലീഷ് ശക്തികളായ ലിവർപൂളും സ്പർസും ഏറ്റുമുട്ടും എന്നുറപ്പായതോടെ ഇംഗ്ലണ്ടിന് അപൂർവ്വ റെക്കോർഡ് കൈവരാൻ സാഹചര്യം ഒരുങ്ങി. യൂറോപ്പ ലീഗ് സെമി ഫൈനലിൽ ആഴ്സണലും ചെൽസിയും ഇന്ന് ഇറങ്ങുന്നുണ്ട്. ഇതിൽ ജയിച്ചു ഇരുവരും യൂറോപ്പ ലീഗ് ഫൈനലിൽ എത്തിയാൽ 2 യുവേഫ ട്രോഫിയിലും ഫൈനൽ ഒരു രാജ്യത്ത് നിന്നുള്ള 4 ടീമുകൾ കളിക്കുന്നു എന്ന റെക്കോർഡ് ഇംഗ്ലണ്ടിന് കൈവരും. ഇതിന് മുൻപ് ഒരു രാജ്യത്തിനും അവകാശപ്പെടാനില്ലാത്ത റെക്കോർഡ്. കൂടാതെ യുവേഫ സൂപ്പർ കപ്പും ഇംഗ്ലണ്ടിൽ എത്തും എന്നുറപ്പാകും.
യൂറോപ്പ ആദ്യ സെമിയിൽ 3-1 ന്റെ ജയം സ്വന്തമാക്കിയ ആഴ്സണൽ ഫൈനൽ ഏതാണ്ട് ഉറപ്പിച്ചതാണ്. ചെൽസി 1-1 ന്റെ സമനിലയാണ് ഫ്രാങ്ക്ഫർട്ടിന് എതിരെ നേടിയത്. എങ്കിലും സ്വന്തം ഗ്രൗണ്ടിൽ നടക്കുന്ന രണ്ടാം പാദത്തിൽ ചെൽസി ജയിക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കപ്പെടുന്നത്. ചാമ്പ്യൻസ് ലീഗ് അവസാനം 2012 ൽ ചെൽസി നേടിയ ശേഷം ഒരു ഇംഗ്ലീഷ് ടീമിനും നേടാനായിട്ടില്ല. യൂറോപ്പ ലീഗ് 2017 ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയിരുന്നു. യൂറോപ്പിൽ സ്പാനിഷ് ടീമുകൾ തുടർന്നിരുന്ന ആധിപത്യം അവസാനിച്ചു എന്നതും ഈ സീസണിന്റെ പ്രത്യേകതയാണ്.