സോൺ ഹ്യുങ് മിൻ നേടിയ ആ വമ്പൻ ഗോളിന്റെ ആഹ്ലാദം ഇപ്പോഴും ടോട്ടൻഹാമിൽ അവസാനിച്ചിട്ടില്ല. ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ സോണിന്റെ ആ ഏക ഗോളിന് തോൽപ്പിച്ച ടോട്ടൻഹാം ഇന്നും മാഞ്ചസ്റ്റർ സിറ്റിയെ തടയാം എന്ന പ്രതീക്ഷയിലാണ്. ഇന്ന് സിറ്റിയുടെ ഹോമിൽ ആണ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിന്റെ രണ്ടാം പാദം നടക്കുന്നത്. സീസണിൽ നാലു കിരീടങ്ങളും നേടണമെന്ന് ഉറച്ച് മുന്നേറുന്ന സിറ്റി ഇന്ന് ടോട്ടൻഹാമിനെ മറികടക്കാം എന്ന പ്രതീക്ഷയിലാണ്.
ആദ്യ പാദത്തിൽ അഗ്വേറോ ഒരു പെനാൾട്ടി നഷ്ടപ്പെടുത്തിയതായിരുന്നു സിറ്റിക്ക് വിനയായത്. എങ്കിലും മത്സരത്തിൽ സിറ്റിക്ക് അവരുടെ സ്ഥിരം താളം കണ്ടെത്താൻ ആയിരുന്നില്ല. ഇന്ന് ഹോം ഗ്രൗണ്ടിന് മുന്നിൽ മികവിലേക്ക് എത്താം എന്നാണ് സിറ്റി കരുതുന്നത്. ടോട്ടൻഹാം നിരയിൽ ഇന്ന് ക്യാപ്റ്റൻ ഹാരി കെയ്ൻ ഉണ്ടാകില്ല എന്നതും സിറ്റിക്ക് പ്രതീക്ഷ നൽകുന്നു.
എന്നാൽ കെയ്ൻ ഇല്ലാതെ തന്നെ സിറ്റിയെ തോൽപ്പിക്കാൻ ആകും എന്നാണ് സ്പർസ് പരിശീലകൻ പോചടീനൊ പറയുന്നത്. സോണിന്റെയും ലൂകാാ മോറയുടെയും ഫോം ആണ് സ്പർസിന്റെ പ്രതീക്ഷ. അവസാന മത്സരത്തിൽ പ്രീമിയർ ലീഗിൽ ലൂകാസ് മോറ ഹാട്രിക്ക് നേടിയരുന്നു. സിറ്റി നിരയിൽ സ്റ്റെർലിംഗ് ആണ് മിന്നും ഫോമിൽ ഉള്ളത്. ഡിബ്രുയിനും ഫോമിൽ എത്തിയത് പെപെയ്ക്ക് കൂടുതൽ കരുത്ത് നൽകും.