ചാമ്പ്യൻസ് ലീഗിൽ ഫ്രഞ്ച് ടീമായ റെൻസിനെതിരെ ചെൽസിക്ക് അനായാസ ജയം. രണ്ടാം പകുതി മുഴുവൻ 10 പേരുമായി പൊരുതിയ റെൻസിനെ ചെൽസി ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ രണ്ട് പെനാൽറ്റികൾ വഴങ്ങിയ റെൻസ് താരം ഡൽബെർട്ടിനെ റഫറി ചുവപ്പ് കാർഡ് കാണിച്ചതോടെ പത്ത് പേരായി ചുരുങ്ങിയ റെൻസ് ചെൽസിക്ക് കാര്യമായ വെല്ലുവിളികൾ സൃഷ്ട്ടിച്ചില്ല. ചാമ്പ്യൻസ് ലീഗിൽ മൂന്ന് മത്സരങ്ങൾ കളിച്ച ചെൽസി ഇതുവരെ ഒരു ഗോളും വഴങ്ങിയിട്ടില്ല.
ചെൽസിക്ക് വേണ്ടി വെർണർ രണ്ട് ഗോളുകൾ നേടിയപ്പോൾ ടാമി അബ്രഹാം ഒരു ഗോൾ നേടി. വെർണർ നേടിയ രണ്ടു ഗോളുകളും പെനാൽറ്റിയിൽ നിന്നായിരുന്നു. ആദ്യ പെനാൽറ്റി വെർണറിനെ പെനാൽറ്റി ബോക്സിൽ ഫൗൾ ചെയ്തതിന് ലഭിച്ചപ്പോൾ രണ്ടാമത്തെ പെനാൽറ്റി ഡൽബർട് പെനാൽറ്റി ബോക്സിൽ പന്ത് കൈകൊണ്ട് തൊട്ടതിനാണ് ലഭിച്ചത്. രണ്ടാമത്തെ പെനാൽറ്റി വാർ പരിശോധിക്കുകയും ഡൽബർട്ടിന് രണ്ടാമത്തെ മഞ്ഞ കാർഡും തുടർന്ന് ചുവപ്പ് കാർഡും റഫറി നൽകുകയായിരുന്നു. തുടർന്നാണ് രണ്ടാം പകുതിയിൽ റീസ് ജയിംസിന്റെ ക്രോസിൽ നിന്ന് ടാമി ചെൽസിയുടെ മൂന്നാമത്തെ ഗോൾ നേടിയത്.