ചാമ്പ്യൻസ് ലീഗ് നോക്ഔട്ട് ഉറപ്പിക്കാൻ ഇന്ന് ചെൽസിയും എ.സി മിലാനും ഏറ്റുമുട്ടും. കഴിഞ്ഞ തവണ ചെൽസിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എ.സി മിലാൻ 3-0ന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു.
ഈ തോൽവിക്ക് മറുപടി പറയാൻ ഉറച്ചാവും എ.സി മിലാൻ ഇന്ന് സാൻ സിറോയിൽ ഇറങ്ങുക. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് വെറും 1 പോയിന്റ് മാത്രമുണ്ടായിരുന്ന ചെൽസിക്ക് എ.സി മിലാനെതിരായ ജയം പുത്തൻ ഉണർവാണ് നൽകിയിരിക്കുന്നത്.
ഇന്നത്തെ മത്സരത്തിൽ പരാജയം ഒഴിവാക്കിയാൽ ചെൽസിക്ക് എ.സി മിലാനെതിരെ ഹെഡ് ടു ഹെഡ് മുൻതൂക്കവും ലഭിക്കും.
ഇന്നത്തെ മത്സരത്തിന് ഇറങ്ങുമ്പോൾ ഇരു ടീമുകൾക്കും താരങ്ങളുടെ പരിക്ക് തിരിച്ചടിയാണ്. എ.സി മിലാൻ നിരയിൽ പരിക്ക് മാറി തിയോ ഹെർണാണ്ടസ് തിരിച്ചെത്തുമെങ്കിലും ഇബ്രാഹിമോവിച്ച്, മൈക്ക് മൈഗ്നൻ, ഫ്ലോറെൻസി, സൈമൺ കിയാർ, ഡേവിഡെ കലാബ്രിയ എന്നിവർ പരിക്ക് മൂലം ഇന്നത്തെ മത്സരത്തിന് ഉണ്ടാവില്ല.
അതെ സമയം എ.സി മിലാനെതിരെയുള്ള ആദ്യ പാദത്തിൽ പരിക്കേറ്റ വെസ്‌ലി ഫോഫാനയും പരിശീലനത്തിനിടെ വീണ്ടും പരിക്കേറ്റ മിഡ്ഫീൽഡർ എൻഗോളോ കാന്റെയും അസുഖബാധിതനായ സിയെച്ചും ചെൽസിക്ക് വേണ്ടി ഇന്ന് കളിക്കില്ല. എ.സി മിലാനെതിരായ മത്സരം മുൻപിൽ കണ്ട് ചെൽസി വോൾവ്സിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ പ്രമുഖ താരങ്ങൾക്ക് എല്ലാം വിശ്രമം അനുവദിക്കുകയും ചെയ്തിരുന്നു.