ബയേണോടൊന്നും തോന്നല്ലേ മക്കളെ!! ലിയോണെയും തകർത്തെറിഞ്ഞ് ജർമ്മൻ ചാമ്പ്യന്മാർ ഫൈനലിൽ

- Advertisement -

ബയേണിന്റെ കുതിപ്പ് തടയാൻ ലിയോണിന്റെ ഡിഫൻസിനും ആയില്ല. ഇന്ന് നടന്ന ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ബയേണിനെതിരെ പൊരുതി നോക്കി എങ്കിലും അവസരങ്ങൾ മുതലാക്കാൻ ആകാതെ 3-0ന്റെ പരാജയവുമായി മടങ്ങാനെ ലിയോണായുള്ളൂ. ജർമ്മൻ ചാമ്പ്യന്മാരാവട്ടെ മറ്റൊരു മികച്ച വിജയവുമായി ഫൈനലിലേക്ക് മാർച്ച് ചെയ്തു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ പി എസ് ജിയെ ആകും ബയേൺ നേരിടുക.

കഴിഞ്ഞ മത്സരത്തിൽ ബാഴ്സലോണയെ 8-2ന് തകർത്ത ബയേൺ ഇന്നും മുഴുനീള അറ്റാക്കിംഗ് ഫുട്ബോൾ ആണ് കാഴ്ചവെച്ചത്. എന്നാൽ ബാഴ്സലോണ ഡിഫൻസിനെ വീഴ്ത്തിയത് പോലെ എളുപ്പമായിരുന്നില്ല ലിയോണിന്റെ ഡിഫൻസ്. ഇന്ന് മത്സരത്തിന്റെ ആദ്യ മിനുട്ടുകളിൽ ലിയോൺ ശരിക്ക് ബയേണെ വിറപ്പിച്ചിരുന്നു. നാലു അവസരങ്ങളോളം സൃഷ്ടിച്ച ലിയോണിന്റെ ഒരിക്കൽ ഗോൾ പോസ്റ്റിൽ തട്ടി വരെ മടങ്ങി. എന്നാൽ ബയേൺ അവർക്ക് കിട്ടിയ ആദ്യ അവസരം തന്നെ ലക്ഷ്യത്തിൽ എത്തിച്ചു. 18ആം മിനുട്ടിൽ ഗ്നാബറിയുടെ ഒരു ഗംഭീര ഗോളാണ് ബയേണ് ലീഡ് നൽകിയത്.

ഇടതു വിങ്ങിൽ നിന്ന് ബോളുമായി വന്ന ഗ്നാബറി ലിയോൺ ഡിഫൻസിനെ ഒക്കെ സാക്ഷി നിർത്തി ഇട കാലിൽ ഒരു ബുള്ളറ്റ് ഷോട്ട് തൊടുക്കുകയായിരുന്നു. ലിയോൺ ഗോൾകീപ്പർക്ക് നോക്കി നിൽക്കാനെ ആയുള്ളൂ. 33ആം മിനുട്ടിൽ ബയേണിന്റെ രണ്ടാം ഗോൾ നേടിയതും ഗ്നാബറി തന്നെ. ഇത്തവണ ലെവൻഡൊസ്കിയുടെ ഒരു ഷോട്ട് ഗോൾകീപ്പർ തടഞ്ഞപ്പോൾ ഒരു ടാപിനിലൂടെ വലയിലേക്ക് ഇടുകയെ ഗ്നാബറിക്ക് വേണ്ടി വന്നുള്ളൂ. ഗ്നാബറിയുടെ ഈ സീസണിലെ ഒമ്പതാം ചാമ്പ്യൻ ലീഗ് ഗോളായിരുന്നു ഇത്.

പിന്നീട് ബയേൺ കരുതലോടെ കളിച്ചു. ലിയോൺ ഇടക്ക് അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ബയേൺ കീപ്പർ നൂയറിനെ മറികടക്കാൻ ആർക്കും ആയില്ല. മത്സരത്തിന്റെ 88ആം മിനുട്ടിൽ ഒരു ലെവൻഡോസ്കി ഹെഡർ ബയേണിന്റെ ഗോൾപട്ടിക പൂർത്തിയക്കി. ലെവൻഡോസ്കിയുടെ ഈ സീസൺ ചാമ്പ്യൻസ് ലീഗിലെ 15ആം ഗോളാണിത്. സീസണിലെ ആകെ 55ആം ഗോളും. ബയേൺ ഈ ഗോളോടെ 3-0ന്റെ വിജയം ഉറപ്പിച്ചു.

2012-13 സീസണ് ശേഷമുള്ള ബയേണിന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലാണ് ഇന്നത്തെ വിജയത്തോടെ ബയേൺ ഉറപ്പിച്ചത്. ഞായറാഴ്ച പി എസ് ജിയെ തോൽപ്പിച്ചാൽ ബയേണ് അവരുടെ ആറാം ചാമ്പ്യൻസ് ലീഗ് കിരീടവും സ്വന്തമാക്കാം.

Advertisement