ബയേൺ യൂറോപ്പിന്റെ രാജാക്കന്മാർ!! പി എസ് ജിയുടെ അരനൂറ്റാണ്ടിന്റെ സ്വപ്നം തകർത്ത് ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ ജർമ്മൻ മുത്തം

പി എസ് ജിയുടെ അരനൂറ്റാണ്ടിന്റെ സ്വപ്നം പോർച്ചുഗലിൽ പൊലിഞ്ഞു. യൂറോപ്പിലെ വലിയ ഫൈനലുകൾ കളിച്ച് മുൻ പരിചയമുള്ള ബയേൺ മ്യൂണിക്ക് ആദ്യമായി ഫൈനലിൽ കളിക്കാൻ വന്ന പി എസ് ജിയെ കണ്ണീരുമായി മടക്കി അയച്ചു. ലിസ്ബണിൽ മറുപടിയില്ലാത്ത ഒരു ഗോളിന്റെ വിജയവുമായി ബയേൺ മ്യൂണിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തി. നെയ്മറും എമ്പപ്പെയും പോലുള്ള സൂപ്പർ താരങ്ങളെ വെറും കയ്യോടെ മടക്കി ഹാൻസി ഫ്ലിക്കും സംഘവും യൂറോപ്പിന്റെ രാജാക്കന്മാരായി.

കരുതലോടെയാണ് ഇന്ന് മത്സരം ആരംഭിച്ചത്. ഫൈനൽ ആയതു കൊണ്ട് തന്നെ രണ്ട് ടീമുകളും ഹൈ പ്രെസിംഗ് എന്ന അവരുടെ സ്ഥിരം ടാക്ടിക്സിൽ നിന്ന് മെല്ലെ ചുവടു മാറ്റി സുരക്ഷിത ഫുട്ബോൾ ആണ് തുടക്കത്തിൽ കാഴ്ചവെച്ചത്. ഇത് ശരിക്കും പി എസ് ജിക്കാണ് സഹായമായത്. പി എസ് ജി ആയിരുന്നു മെച്ചപ്പെട്ട അവസരങ്ങൾ തുടക്കത്തിൽ സൃഷ്ടിച്ചത്. 19ആം മിനുട്ടിൽ ആദ്യ നല്ല അവസരം വന്നു.

എമ്പപ്പെയുടെ പാസ് സ്വീകരിച്ച നെയ്മർ തൊടുത്ത ഷോട്ട് നൂയർ തലനാരിഴക്കാണ് രക്ഷപ്പെടുത്തിയത്. ഇതിന് മറുപടിയായി 22ആം മിനുട്ടിൽ ബയേണിന്റെ അറ്റാക്ക് വന്നു. ലെവൻഡോസ്കിയുടെ ഷോട്ട് കെയ്ലർ നവാസിനെ കീഴ്പ്പെടുത്തി എങ്കിലും പോസ്റ്റിൽ തട്ടി മടങ്ങി. ആദ്യ പകുതിയിൽ തന്നെ ഡി മറിയക്കും എമ്പപ്പെയ്ക്കും ഒക്കെ വീണ്ടും നല്ല അവസരങ്ങൾ നൽകി എങ്കിലും നൂയറിനെ നന്നായി പരീക്ഷിക്കാൻ പോലും ഇരു താരങ്ങൾക്കും ആയില്ല.

ബയേണ് ആദ്യ പകുതിയിൽ ലെവൻഡോസ്കിയുടെ ഒരു മികച്ച ഹെഡർ കൂടെ അവസരമായി ഉണ്ടായിരുന്നു എന്നാൽ ആ ഹെഡറിന് തുല്യമായി നിൽക്കാൻ നവസിനായി. ആദ്യ പകുതിയുടെ അവസാനത്തോട്ട് ബയേണിന്റെ കൂടുതൽ മുന്നേറ്റങ്ങൾ കാണാൻ ആയി എങ്കിലും മത്സരം ഗോൾ രഹിതമായി തന്നെ ആദ്യ പകുതിയിൽ പിരിഞ്ഞു.

രണ്ടാം പകുതയിലും മത്സരത്തിന്റെ വേഗത ഇരുടീമുകളും കൂട്ടിയില്ല. എന്നാൽ പന്ത് കൈവശം വെച്ച് കളി തുടങ്ങിയ ബയേൺ മ്യൂണിക്ക് 59ആം മിനുട്ടിൽ പി എസ് ജി ഡിഫൻസ് ഭേദിച്ചു. റൈറ്റ് വിങ്ങിൽ നിന്ന് കിമ്മിച്ച് കൊടുത്ത ചിപ് ക്രോസ് പെനാൾട്ടി ബോക്സിൽ കാത്തുനിന്ന കോമന്റെ തലയ്ക്ക് പാകത്തിൽ വന്നു. ഫ്രഞ്ച് താരത്തിന്റെ ഹെഡർ കെയ്ലർ നവസിനെ കാഴ്ചക്കാരനാക്കി വലയിൽ.

ഈ ഗോളോടെ മത്സരത്തിന്റെ വേഗം കൂടി. പി എസ് ജി ആക്രമണത്തിലേക്ക് ചുവട് മാറ്റാൻ വെററ്റിയെ മധ്യനിരയിലേക്ക് ഇറക്കി. പി എസ് ജി കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. ഡിമറിയയും എമ്പപ്പെയും നെയ്മറും ഒക്കെ തുടർച്ചയായി ബയേണിന്റെ പെനാൾട്ടി ബോക്ക്സിലേക്ക് കുതിച്ചു കയറി എങ്കിലും കൃത്യമായ തുറന്ന അവസരങ്ങൾ വന്നില്ല. വന്നപ്പോൾ ആകട്ടെ നൂയർ എന്ന മതിലിനെ മറികടക്കാൻ പി എസ് ജിക്ക് ആയതുമില്ല.

ഫൈനൽ വിസിൽ വരെ ഈ ലീഡിൽ പിടിച്ചു നിന്ന് കിരീടം ഉറപ്പിക്കാൻ ബയേണിനായി. ബയേണിന്റെ ആറാം ചാമ്പ്യൻസ് ലീഗ് കിരീടമാണിത്. പി എസ് ജിക്ക് ആകട്ടെ ആദ്യ യൂറോപ്യൻ കിരീടത്തിനായുള്ള കാത്തിരിപ്പ് ഇനിയും നീളും.