യൂറോപ്യൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ വിറപ്പിച്ച് ലോക്കോമോട്ടീവ് മോസ്കോ കീഴടങ്ങി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബയേൺ മ്യൂണിക്കിന്റെ ജയം. ബയേൺ മ്യൂണിക്കിന് വേണ്ടി ലിയോൺ ഗോരെട്സ്കയും യോഷ്വാ കിമ്മിഷും ഗോളടിച്ചു. മിറാഞ്ചുകാണ് ലോക്കോമോട്ടീവ് മോസ്കോയുടെ ആശ്വാസ ഗോൾ നേടിയത്. യൂറോപ്പിലെ വമ്പന്മാരെ വമ്പൻ മാർജിനിൽ തകർക്കുന്ന ബയേൺ മ്യൂണിക്ക് ഇന്ന് വിയർത്തു.
13ആം മിനുട്ടിൽ കോറെന്റിൻ ടൊളീസോ നൽകിയ പെർഫെക്റ്റ് ഡയഗണൽ ബോൾ ഗോരെട്സ്കക്ക് നൽകി ബെഞ്ചമിൻ പവാർദാണ് ബയേണിന്റെ ആദ്യ ഗോളിന് വഴിയൊരുക്കിയത്. പിന്നീട് ഇരു ടീമുകളും കൃത്യമായി അക്രമിച്ച് കളിച്ചെങ്കിലും ഗോൾ പിറന്നില്ല. രണ്ടാം പകുതിയിൽ VAR ബയേണിന് വിനയായപ്പോൾ ലീഡ് ഉയർത്താൻ ഒന്നിലധികം അവസരങ്ങൾ നഷ്ടമായി. 70ആം മിനുട്ടിൽ ലോക്കോമോട്ടീവ് മോസ്കോയുടെ സമനില ഗോളും വീണു. മാർട്ടിനെസ്സും ഗ്നാബ്രിയും കളത്തിലിറങ്ങിയപ്പോൾ ബയേണിന്റെ അക്രമണങ്ങൾക്ക് ചൂടുപിടിച്ചു. അധികം വൈകാതെ തന്നെ യോഷ്വാ കിമ്മിഷിന്റെ 20 യാർഡ് ഗോളിൽ ബയേൺ ജയം ഉറപ്പാക്കി. യൂറോപ്പിലെ ബയേണിന്റെ തുടർച്ചയായ 13ആം ജയം കൂടിയാണ് ഇന്നത്തേത്.