ഇന്ന് യൂറോപ്പിൽ വമ്പന്മാരുടെ പോരാട്ടമാണ്. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ഇന്ന് നേർക്കുനേർ വരുന്നത് ബാഴ്സലോണയും ലിവർപൂളും. ഇരുടീമുകളും ഈ സീസണിൽ ഗംഭീര ഫോമിലും. അതുകൊണ്ട് തന്നെ ആര് വിജയിക്കും, ഈ മത്സരത്തിന്റെ ഗതി എന്താകും എന്നൊന്നും പ്രവചിക്കാൻ ആവില്ല. ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ്നുവിലാണ് മത്സരം നടക്കുന്നത്.
ലിവർപൂളിന്റെ എവേ റെക്കോർഡ് അത്ര നല്ലതല്ല എന്നതും ബാഴ്സലോണയുടെ ഹോം റെക്കോർഡ് ഗംഭീരമാണ് എന്നതും ബാഴ്സലോണയ്ക്ക് ചെറിയ മുൻ തൂക്കം നൽകുന്നു. എന്നാൽ ഒരു മയവുമില്ലാതെ പ്രസിംഗ് നടത്തുന്ന ശൈലിയുള്ള ലിവർപൂളിനെതിരെ കളിക്കുക ബാഴ്സലോണക്ക് ഒട്ടും എളുപ്പമാകില്ല. സലാ, മാനെ, ഫർമീനോ അറ്റാക്കിംഗ് സംഘവും ബാഴ്സലോണക്ക് തലവേദനയാകും. ഫർമീനോയ്ക്ക് പരിക്ക് ആണെങ്കിലും ഇന്ന് കളിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
മറുവശത്ത് ബാഴ്സലോണയുടെ കരുത്ത് മെസ്സിയുടെ മാജിക്ക് തന്നെ ആകും. ക്വാർട്ടറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വെള്ളം കുടിപ്പിച്ചാണ് ബാഴ്സലോണ സെമിയിലേക്ക് എത്തിയത്. മെസ്സിയും ലിവർപൂൾ സെന്റർ ബാക്ക് വാൻ ഡൈകും തമ്മിലുള്ള പോരും ശ്രദ്ധേയമാകും. മുൻ ലിവർപൂൾ താരങ്ങളായ സുവാരസും കൗട്ടീനോയും ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകും എന്നതും ക്ലോപ്പിന് പ്രശ്നം നൽകും.
ഇന്ന് പരാജയം നേരിടാതെ ആൻഫഡിലെ രണ്ടാം പാദത്തിലേക്ക് എത്തിയാൽ ഫൈനലിലേക്ക് കടക്കാൻ ആകുമെന്ന് ക്ലോപ്പ് പ്രതീക്ഷിക്കുന്നു. ലിവർപൂളിന്റെ ഹോം റെക്കോർഡ് അത്ര മികച്ചതാണ്. ഇന്ന് രാത്രി 12.30നാണ് സെമി ഫൈനൽ ആദ്യ പാദം നടക്കുക.