ലിവർപൂളും ബാഴ്സയും കളിച്ച ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ മത്സരത്തിൽ വിധി നിർണയിച്ച നാലാം ഗോൾ ട്രെന്റ് അർനോൾഡ് എന്ന 20കാരന്റെ മികവ് മാത്രമാണെന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. ബാഴ്സലോണയുടെ പരാജയം ഉറപ്പിച്ച ആ ഗോൾ പിറന്നത് ഒരു കോർണറിൽ നിന്നായിരുന്നു. ബാഴ്സലോണ താരങ്ങൾ കോർണറിനായി ഒരുങ്ങുന്ന സമയത്ത് തന്ത്രപൂർവ്വം ലിവർപൂൾ ഗോൾ നേടുകയായിരുന്നു.
ബാഴ്സലോണ താരങ്ങളുടെ ശ്രദ്ധ തെറ്റിയ സമയത്ത് അർനോൾഡ് പാസ് നൽകുകയും അത് സ്വീകരിച്ച് ഒറിഗി ഫിനിഷ് ചെയ്യുകയും ചെയ്തു. ബാഴ്സലോണ താരങ്ങൾക്ക് നോക്കി നിൽക്കാൻ മാത്രമേ പറ്റിയുള്ളൂ. ആ ഗോൾ അർനോൾഡിന്റെ മാത്രം കഴിവാണെന്നും എങ്ങനെയാണ് അർനോൾഡ് അത് ചെയ്തത് എന്ന് തനിക്ക് അറിയില്ല എന്നും ക്ലോപ്പ് പറഞ്ഞു. എന്നാൽ അർനോൾ ആ ഗോളിന്റെ ക്രെഡിറ്റ് ഒറിഗിക്ക് കൊടുത്തു. ഒറിഗി ബോധവാനായത് കൊണ്ടാണ് അങ്ങനെയൊരു അവസരം തന്നെ ഉണ്ടായത് എന്ന് അർനോൾഡ് പറഞ്ഞു. ആ പാസ് ചെയ്യാൻ പെട്ടെന്ന് തോന്നിയതാണെന്നും അർനോൾഡ് പറഞ്ഞു.
ഇന്നലെ 4-0ന് വിജയിച്ച് കൊണ്ട് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് എത്തി.