വീണ്ടും ഇന്റർ, ക്യാമ്പ്ന്യൂവിൽ സമ്മർദ്ദവുമായി ബാഴ്സലോണ

ബാഴ്സലോണയിൽ സാവിക്ക് പരീക്ഷണങ്ങൾ അവസാനിക്കുന്നില്ല. തുടർച്ചയായ രണ്ടാം വാരവും ഇന്റർ മിലാനെ നേരിടാൻ ടീം ഒരുങ്ങുമ്പോൾ കഴിഞ്ഞ സീസണിലെ കൈപ്പേറിയ യൂറോപ്പ ലീഗ് അനുഭവം തന്നെയാണ് ഓർമ വരുന്നത്. സ്വന്തം തട്ടകത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും ഇത്തവണയും ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താവുന്നത് തടയാൻ ബാഴ്‌സക്ക് മുന്നിലില്ല. മികച്ച പകരക്കാർ ഉള്ളത് കൊണ്ട് പ്രമുഖ താരങ്ങളുടെ പരിക്കും കാരണമായി ഇത്തവണ നിരത്താൻ ആവില്ലെന്ന് സാവിയും തിരിച്ചറിയുന്നുണ്ടാക്കും. സെൽറ്റ വീഗൊക്കെതിരായ വിജയിച്ച ലീഗ് മത്സരത്തിലെ രണ്ടാം പകുതിയിലെ പ്രകടനം തുടർന്നാൽ തോൽവി ഉറപ്പാണെന്ന് ബാഴ്‌സ കോച്ച് ആണയിട്ടു കഴിഞ്ഞു.

20221012 015155

ഇന്റർ മിലാനാവട്ടെ കഴിഞ്ഞ വാരം ബാഴ്‌സക്കെതിരെ നേടിയ വിജയം വീണുകിട്ടിയ ഊർജമായി മാറി. കോച്ച് ഇൻസാഗിയുടെ ഭാവി തന്നെ ചോദ്യചിഹ്നമായ അവസരത്തിൽ സ്പാനിഷ് വമ്പന്മാരെ മലർത്തിയടിക്കാൻ കഴിഞ്ഞത് ടീമിനും കോച്ചിനും നൽകിയ ആശ്വാസം തെല്ലൊന്നുമല്ല. ശേഷം സീരി എയിൽ സസ്സുളോയോടും വിജയം ആവർത്തിക്കാൻ കഴിഞ്ഞതോടെ മികച്ച പ്രകടനം ക്യാമ്പ്ന്യൂവിലും ആവർത്തിക്കാൻ കഴിഞ്ഞേക്കുമെന്ന് പ്രതീക്ഷയിലാണ് ഇന്റർ മിലാൻ. പരിക്കിലായിരുന്ന ലുക്കാകു മടങ്ങിയെത്തിയെകുമെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും താരം ഫിറ്റ്നെസ് വീണ്ടെടുത്തിട്ടില്ല. മുന്നേറ്റ താരം കൊറിയയും പുറത്തു തന്നെയാണ്.

പ്രതിരോധത്തിലെ മുൻ നിരതാരങ്ങളുടെ അഭാവത്തിൽ എറിക് ഗർഷ്യയും ജെറാർഡ് പിക്വേയും സെൻട്രൽ ഡിഫെൻസിൽ എത്തും. പരിക്ക് മാറി ഡിയോങ് മടങ്ങിയെത്തുന്നതും ടീമിന് ആശ്വാസമാണ്. കഴിഞ്ഞ മത്സരങ്ങളിൽ ഗോൾ കണ്ടെത്താതെ വിഷമിച്ച മുന്നേറ്റ നിര ഫോമിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ബാഴ്‌സലോണ സ്വന്തം തട്ടകത്തിൽ ഇന്ററിനെ വരവേൽക്കാൻ ഒരുങ്ങുന്നത്