ഇന്ന് ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണ ബൊറൂസിയ ഡോർട്മുണ്ടിനെതിരെ ഇറങ്ങുമ്പോൾ ഒരു യുവതാരം റെക്കോർഡുകൾ പലതും തകർക്കാമെന്ന പ്രതീക്ഷയിലാണ്. 16കാരനായ അൻസു ഫതി ഇന്ന് ബാഴ്സലോണക്ക് വേണ്ടി ഇറങ്ങുകയാണെങ്കിൽ ക്ലബ് റെക്കോർഡും ഒപ്പം ഒരു ചാമ്പ്യൻസ് ലീഗ് റെക്കോർഡും തകരാനുള്ള സാധ്യതയുണ്ട്. ഇന്ന് അൻസു ഫതി ഇറങ്ങിയാൽ ബാഴ്സലോണക്ക് വേണ്ടി ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി അൻസു മാറും.
2017ൽ 17കാരനായ ബോജൻ കളിച്ചത് ആയിരുന്നു ഇതുവരെ ഉള്ള ബാഴ്സലോണ ക്ലബ് റെക്കോർഡ്. അതുപോലെ ഇന്ന് അൻസു ഫതി സ്കോർ ചെയ്യുകയാണെങ്കിൽ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഗോൾ അടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഫതി മാറും. ഒളിമ്പിയാകോസിന്റെ പീറ്റർ ഒഫാരികോയ്ക്കാണ് ഇപ്പോൾ ആ റെക്കോർഡ്. 17 വയസ്സും 195 ദിവസവും പ്രായമുള്ളപ്പോൾ ആയിരുന്നു പീറ്റർ ഗോൾ നേടിയത്. ഇതിനകം തന്നെ ബാഴ്സലോണക്കായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി അൻസു ഫതി ലാലിഗയിൽ മാറിയിട്ടുണ്ട്.