റയൽ മാഡ്രിഡിനോടുള്ള കണക്കുകൾ ആൻഫീൽഡിൽ തീർക്കാം എന്ന് കരുതിയ ലിവർപൂൾ സ്വന്തം ആരാധകരുടെ മുന്നിലും നണംകെട്ടു. ഇന്ന് ആദ്യ 14 മിനുട്ടുകൾക്ക് അകം രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയ ലിവർപൂൾ ആണ് പിന്നീട് തകർന്നടിയുകയും 5-2ന്റെ പരാജയം ഏറ്റുവാങ്ങേണ്ടിയും വന്നത്. ഇനി രണ്ടാം പാദത്തിൽ മാഡ്രിഡിൽ ചെന്ന് അത്ഭുതങ്ങൾ കാണിച്ചാലെ ലിവർപൂളിന് ക്വാർട്ടർ കാണാൻ ആകൂ.
കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ ആവർത്തനമായ മത്സരത്തിൽ ആദ്യ ഗോൾ വരാൻ വെറും അഞ്ചു മിനുട്ട് മാത്രമാണ് എടുത്തത്. മൊ സല വലതു വിങ്ങിൽ നിന്ന് നൽകിയ പാസ് ഫ്ലിക്ക് ചെയ്ത് ഡാർവിൻ നൂനിയ വലയ്ക്ക് അകത്താക്കി. സ്കോർ 1-0. 14ആം മിനുട്ടിൽ കോർതോയുടെ ഒരു ഗിഫ്റ്റ് സ്വീകരിച്ച് സലാ ലിവർപൂളിന്റെ ലീഡ് ഇരട്ടിയാക്കി. സ്വപന തുടക്കം.
പക്ഷെ കളി മാറിമറിയാൻ അധികനേരം എടുത്തില്ല. 21ആം മിനുട്ടിൽ ബെൻസീമയിൽ നിന്ന് പാസ് സ്വീകരിച്ച് വിനീഷ്യസിന്റെ നല്ല ചുവടുകൾ. അതിനു ശേഷം ഒരു കേർളിംഗ് ഷോട്ട് അലിസണെ കീഴ്പ്പെടുത്തി വലയിൽ. സ്കോർ 2-1.
36ആം മിനുട്ടിൽ കോർതോ വരുത്തിയത് പോലൊരു പിഴവ് അലിസണും വരുത്തി. അലിസന്റെ പാസ് വിനീഷ്യസിന്റെ കാലിൽ തട്ടി നേരെ വലയിലേക്ക്. സ്കോർ 2-2. കളി ആദ്യ പകുതിയിൽ 2-2 എന്ന നിലയിൽ പിരിഞ്ഞു.
രണ്ടാം പകുതി ആരംഭിച്ച് രണ്ടാം മിനുട്ടിൽ തന്നെ റയൽ മാഡ്രിഡ് ലീഡ് എടുത്തു. ഒരു ഫ്രീകിക്കിൽ നിന്ന് എഡർ മിലിറ്റാവോയുടെ ഹെഡർ. സ്കോർ 2-3. റയൽ മാഡ്രിഡ് കളി തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. 55ആം മിനുട്ടിൽ ബെൻസീമയും ഗോൾ ലിസ്റ്റിലേക്ക് കയറി. ഇത്തവണ ഒരു വലിയ ഡിഫ്ലക്ഷൻ റയലിനെ സഹായിച്ചു. സ്കോർ 2-4. ലിവർപൂൾ കളി മറന്നതു പോലെ ആയ നിമിഷങ്ങൾ.
67ആം മിനുട്ടിൽ ബെൻസീമ ഒരിക്കൽ കൂടെ നിറയൊഴിച്ചു. വിനീഷ്യസിൽ നിന്ന് പന്ത് സ്വീകരിച്ച് അലിസണെയും ഡിഫൻഡേഴ്സിനെയും നാലു ഭാഗത്തേക്കും അയച്ച ഒരു ഡമ്മിക്കു ശേഷം ഒഴിഞ്ഞ വലയിലേക്ക് ആയിരുന്നു ബെൻസീമയുടെ ഷോട്ട്. സ്കോർ 2-5. ആൻഫീൽഡ് ഒരു കോട്ടയാണെന്ന് ലിവർപൂൾ ആരാധകർ പോലും ഇനി പറയില്ല എന്ന പരുവം.
1966നു ശേഷം ആദ്യമയാണ് ഒരു യൂറോപ്യൻ മത്സരത്തിൽ 5 ഗോളുകൾ വഴങ്ങുന്നത്. ഇനി മാർച്ച് 15നാണ് രണ്ടാം പാദ മത്സരം നടക്കുക.