ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായെങ്കിലും അടുത്ത വർഷവും യുവന്റസിൽ തന്നെ തുടരുമെന്ന് പരിശീലകൻ മസിമിലിയാനോ അല്ലെഗ്രി. ചാമ്പ്യൻസ് ക്വാർട്ടർ ഫൈനലിൽ അയാക്സിനോട് തോറ്റു യുവന്റസ് പുറത്തായതിന് ശേഷമായിരുന്നു പരിശീലകന്റെ പ്രതികരണം. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ തോറ്റതിന് പിന്നാലെ അടുത്ത സീസണിൽ യുവന്റസ് വിടുമെന്ന ഊഹാപോഹങ്ങൾക്ക് ഇതോടെ അവസാനമായി. ക്ലബ് പ്രസിഡന്റുമായി താൻ സംസാരിച്ചെന്നും അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ നേരത്തെ തന്നെ തുടങ്ങിയെന്നും യുവന്റസ് പരിശീലകൻ പറഞ്ഞു.
യുവന്റസിന്റെ കൂടെ തുടർച്ചയായി നാല് ലീഗ് കിരീടങ്ങൾ നേടിയ അല്ലെഗ്രിക്ക് ചാമ്പ്യൻസ് ലീഗ് നേടി കൊടുക്കാനായിരുന്നില്ല. രണ്ടു തവണ അല്ലെഗ്രിക്ക് കീഴിൽ ഫൈനലിൽ തോൽക്കാനായിരുന്നു യുവന്റസിന്റെ വിധി. റയൽ മാഡ്രിഡിൽ നിന്ന് ചാമ്പ്യൻസ് ലീഗ് നേടാൻ വേണ്ടി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിച്ചെങ്കിലും അയാക്സ് യുവനിരക്ക് മുൻപിൽ തോൽക്കാനായിരുന്നു യുവന്റസിന്റെ വിധി. ശനിയാഴ്ച നടക്കുന്ന ലീഗ് മത്സരത്തിൽ ഫിയോന്റീനയെ നേരിടുന്ന യുവന്റസിന് ഒരു സമനില മതി സീരി എ കിരീടം സ്വന്തമാക്കാൻ. തുടർച്ചയായ എട്ടാമത്തെ തവണയാണ് യുവന്റസ് സീരി എ കിരീടം സ്വന്തമാക്കുന്നത്.