ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തുന്ന രണ്ടാം ടീം ഏതാണെന്ന് അറിയാൻ ഇന്ന് ആംസ്റ്റർഡാമിൽ ടോട്ടൻഹാമും അയാക്സും തമ്മിൽ ഏറ്റുമുട്ടും. ആദ്യ പാദത്തിൽ ലണ്ടണിൽ വെച്ച് അയാക്സ് എതിരില്ലാത്ത ഒരു ഗോളിന് ടോട്ടൻഹാമിനെ തോൽപ്പിച്ചിരുന്നു. അന്ന് വാൻ ഡെ ബീകിന്റെ ഒരൊറ്റ ഗോളായിരുന്ന മത്സരത്തിന്റെ വിധി എഴുതിയത്. ഇന്ന് ഒരു സമനില നേടിയാൽ വരെ അയാക്സിന് ഫൈനലിൽ എത്താം.
ആദ്യ പാദത്തിൽ ഇല്ലായിരുന്ന സോണിന്റെ തിരിച്ചുവരവ് ടോട്ടൻഹാമിന് ഇന്ന് വലിയ ഊർജ്ജം നൽകും. സോൺ കളിക്കും എങ്കിലും ക്യാപ്റ്റൻ കെയ്ൻ ഇന്നും ഉണ്ടാകില്ല. പ്രീമിയർ ലീഗിലെ ദയനീയ ഫോം ചാമ്പ്യൻസ് ലീഗിൽ മറികടക്കാം എന്ന പ്രതീക്ഷയിലായിരിക്കും പോചടീനോ. അവസാന അഞ്ചു മത്സരത്തിൽ നാലും പരാജയപ്പെട്ടാണ് സ്പർസ് ഇന്ന് ആംസ്റ്റർഡാമിൽ എത്തുന്നത്.
അവസാന അഞ്ചിൽ അഞ്ചും ജയിച്ച് ഗംഭീര ഫോമിലാണ് അയാക്സ് ഉള്ളത്. രണ്ട് ദിവസം മുമ്പ് ഡച്ച് കപ്പ് ഫൈനലിൽ ഏകപക്ഷീയ വിജയം നേടി കിരീടവും അയാക്സ് ഉയർത്തിയിരുന്നു. ഇന്ന് രാത്രി 12.30നാണ് സെമി ഫൈനൽ രണ്ടാം പാദ മത്സരം നടക്കുക.