ചാമ്പ്യൻസ് ലീഗിൽ ചരിത്രമെഴുതി അയാക്സിന്റെ ക്യാപ്റ്റൻ മാതിയാസ് ഡി ലൈറ്റ്. ചാമ്പ്യൻസ് ലീഗ് സെമിയിൽ ടോട്ടൻഹാം ഹോട്ട്സ്പർസിനെതിരെ ഗോളടിച്ചാണ് ഡിലൈറ്റ് ചരിത്രത്താളുകളിൽ ഇടം നേടിയത്. 19 കാരനായ ഡിലൈറ്റ് ചാമ്പ്യൻസ് ലീഗ് സെമിയിൽ ഗോളടിക്കുന്ന നാലാമത്തെ ടീനേജറായി മാറിയിരിക്കുകയാണ്.
ഇതിന് മുൻപ് 1996ൽ അയാക്സിന് വേണ്ടി നൂറിദീൻ വൂട്ടറും 2003ൽ ഇന്റർ മിലാന് വേണ്ടി ഒബഫെമി മാർട്ടിൻസും 2017ൽ മൊണാക്കോയ്ക്ക് വേണ്ടി കൈലിയൻ എമ്പപ്പെയുമാണ് ഗോളടിച്ചിട്ടുള്ളത്. ചാമ്പ്യൻസ് ലീഗിൽ അട്ടിമറികളുടെ ഘോഷയാത്രയുമായാണ് അയാക്സ് സെമി ഫൈനലിലെത്തിയത്. എറിക്ക് ടാൻ ഹാഗിന്റെ യുവനിര റയൽ മാഡ്രിഡിനെയും യുവന്റസിനേയും പരാജയപ്പെടുത്തിയാണ് സെമി ബർത്തുറപ്പിച്ചത്.