ചാമ്പ്യൻസ് ലീഗിലെ ആവേശോജ്വലമായ മത്സരത്തിൽ ബയേൺ – അയാക്സ് മത്സരം സമനിലയിൽ. മൂന്നു ഗോളുകൾ വീതമടിച്ചാണ് ഇരു ടീമുകളും പോയന്റ് പങ്കിട്ട് മടങ്ങിയത്. ഇരട്ട ഗോളുകളുമായി ചാമ്പ്യൻസ് ലീഗിലെ ടോപ്പ് സ്കോററായി മാറി റോബർട്ട് ലെവൻഡോസ്‌കി. ആറ് ഗോളുകളും രണ്ടു ചുവപ്പ് കാർഡും പിറന്ന മത്സരം സമീപ കാലത്തെ മികച്ച ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഒന്നായി വിലയിരുത്താം.
ഇരുപത് മിനുട്ടിലധികമാണ് പത്ത് പേരുമായി ഇരു ടീമുകളും കളിച്ചത്. ഇഞ്ചുറി ടൈമിലാണ് അയാക്സ് സമനില ഗോൾ നേടിയത്. മാക്സിമില്യൻ വോബറും തോമസ് മുള്ളേരുമാണ് ചുവപ്പ് കണ്ടു കളം വിട്ടത്. അയാക്സിന്റെ മൂന്നു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. ലെവൻഡോസ്‌കിയുടെ പതിമൂന്നാം മിനുട്ട് ഗോളിലൂടെ ആദ്യ പകുതി ബയേണിന് സ്വന്തമായിരുന്നു.
ദുസാൻ താടിച് ഇരട്ട ഗോളുകളോടെ അയാക്സിന്റെ തിരികെ കൊണ്ട് വന്നു. എന്നാൽ 87 ആം മിനുട്ടിൽ ലെവൻഡോസ്‌കിയും മൂന്നു മിനുട്ടിനു ശേഷം കിങ്സ്ലി കോമനും അടിച്ച ഗോളുകൾ ബയേണിനാനുകൂലമാക്കി മത്സരം. എന്നാൽ ടാഗ്ലൈയ്ഫികോയുടെ ഇഞ്ചുറി ടൈം ഗോൾ അയാക്സിന് സമനില നൽകി. ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബയേൺ അടുത്ത റൗണ്ടിൽ കടക്കുന്നത്.