അലയൻസ് അറീനയിൽ ചാമ്പ്യൻസ് ലീഗ് ചരിത്രം കുറിക്കുകയായിരുന്നു അയാക്സ്. വിഖ്യാതമായ ബയേണിന്റെ പോരാളികളെ അവരുടെ തട്ടകത്തിൽ പോയി പിടിച്ചു കെട്ടുകയായിരുന്നു അയാക്സിന്റെ യുവനിര. ഗ്രൂപ്പ് ഈയിലെ രണ്ടാം മത്സരം ഇരു ടീമുകളും ഓരോഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. ബയേണിന് വേണ്ടി മാറ്റ്സ് ഹമ്മെൽസും അയാക്സിന് വേണ്ടി മസാരോവിയും ഗോളടിച്ചു.
ജർമ്മനിയിൽ ജയിക്കുക ആദ്യ ഡച്ച് ടീമാകുവാനുള്ള സാധ്യതകളെയാണ് മത്സരത്തിനൊടുവിൽ അയാക്സ് കളഞ്ഞ് കുളിച്ചത്. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് നിക്കോ കൊവാച്ചിന്റെ ബയേൺ ജയമില്ലാതെ മടങ്ങുന്നത്. മത്സരത്തിന്റെ നാലാം മിനുട്ടിൽ അർജെൻ റോബന്റെ അസിസ്റ്റിൽ ഹമ്മെൽസിന്റെ മനോഹരമായ ഹെഡ്ഡറിലൂടെ ബയേൺ ലീഡ് നേടി.
എന്നാൽ ഇരുപത്തി രണ്ടാം മിനുട്ടിൽ നാസോർ മാസോരാവിയിലൂടെ അയാക്സ് തിരിച്ചടിച്ചു. പിന്നീട് ജയിക്കാനായിരുന്നു ഇരു ടീമുകളും ശ്രമിച്ചത്. റോബനും റിബറിക്കും പകരം ഗ്നബ്രിയേയും ഹാമിഷ് റോഡ്രിഗസിനെയും കോവാച്ച് ഇറക്കിയെങ്കിലും ഗോളകന്നു തന്നെ നിന്നു. നിരവധി തവണ ബയേൺ പ്രതിരോധ നിരയെ സീയെച്ചിന്റെ നേതൃത്വത്തിലുള്ള അയാക്സിന്റെ യുവനിര ആക്രമിച്ചു.