രണ്ടാം പാദത്തിലും നാപോളിയെ തടഞ്ഞു കൊണ്ട് എ സി മിലാൻ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലേക്ക് മുന്നേറി. രണ്ടാം പാദം 1-1ന്റെ സമനിലയിൽ ആയി എങ്കിലും ആദ്യ പാദത്തിലെ 1-0ന്റെ ജയം മിലാന് തുണയായി. 2-1 അഗ്രിഗേറ്റിൽ ആണ് എ സി മിലാൻ വിജയിച്ചത്. അഞ്ചു വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇറ്റാലിയൻ ടീമിൽ ചാമ്പ്യൻസ് ലീഗ് സെമിയിൽ എത്തുന്നത്.
ഇന്ന് മത്സരത്തിന്റെ 22ആം മിനുട്ടിൽ ലീഡ് എടുക്കാൻ മിലാന് അവസരം ലഭിച്ചതായിരുന്നു. എന്നാൽ പെനാൾട്ടി എടുത്ത ജിറൂദിന് പിഴച്ചു. സ്കോർ ഗോൾ രഹിതമായി തുടർന്നു. ആദ്യ പകുതി അവസാനിക്കും മുമ്പ് ജിറൂദ് ആ പെനാൾട്ടി മിസ്സിന് പ്രായശ്ചിത്തം ചെയ്തു. റാഫേൽ ലിയീയുടെ ഒരു അത്ഭുത റണ്ണിന് ഒടുവിൽ ലഭിച്ച അവസരം ലക്ഷ്യത്തിൽ ആക്കി കൊണ്ട് ജിറൂദ് മിലാന് ലീഡ് നൽകി. സ്കോർ 1-0. അഗ്രിഗേറ്റ് 2-0.
ആദ്യ പകുതിയുടെ അവസാനം ഒസിമൻ നാപോളിക്കായി ഗോൾ മടക്കി എങ്കിലും ഹാൻഡ് ബോൾ തിരിച്ചടിയായി. രണ്ടാം പകുതിയിൽ നാപോളി ഏറെ ശ്രമിച്ചെങ്കിലും സെമിയിലേക്കുല്ല വഴി കണ്ടെത്താൻ ആയില്ല. 82ആം മിനുട്ടിൽ നാപോളിക്ക് അനുകൂലമായി കിട്ടിയ പെനാൾട്ടി ക്വാര എടുത്തെങ്കിലും അത് മൈഗ്നൻ സേവ് ചെയ്ത് എ സി മിലാനെ രക്ഷിച്ചു.
മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ ഒസിമന്റെ ഗോളിൽ നാപോളി സമനില നേടി. സ്കോർ 1-1. അപ്പോഴും അഗ്രിഗേറ്റിൽ 2-1ന് മികാൻ മുന്നിൽ. അവസാന സെക്കൻഡുകളിൽ ഒരവസരം കൂടെ സൃഷ്ടിക്കാൻ നാപോളിക്ക് ആയില്ല. അതിനു മുമ്പ് ഫൈനൽ വിസിൽ വന്നു.
വിജയികളായ എ സി മിലാൻ ഇനി സെമിയിൽ ഇന്റർ മിലാനെയോ ബെൻഫികയെയോ ആകും നേരിടുക.