ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായി നാലാം വിജയത്തോടെ അയാക്സ് പ്രീക്വാർട്ടറിലേക്ക് കടന്നു. ഇന്ന് ജർമ്മനിയിൽ ചെന്ന് ഡോർട്മുണ്ടിനെ പരാജയപ്പെടുത്തി ആണ് അയാക്സ് പ്രീ ക്വാർട്ടർ ഉറപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അയാക്സിന്റെ വിജയം. തുടക്കത്തിൽ 29ആം മിനുട്ടിൽ മാറ്റ് ഹമ്മൽസിന് ചുവപ്പ് കാർഡ് കിട്ടിയത് ഡോർട്മുണ്ടിന് തിരിച്ചടിയായി. എങ്കിലും അവർ 37ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ലീഡ് എടുത്തു. ഡോർട്മുണ്ട് ക്യാപ്റ്റൻ മാർകോ റിയുസ് ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്.
രണ്ടാം പകുതിയിൽ 72ആം മിനുട്ട് ആകേണ്ടി വന്നു അയാക്സിന് സമനില കണ്ടെത്താൻ. ടാഡിച് ആണ് സമനില ഗോൾ നേടിയത്. പിന്നാലെ 83ആം മിനുട്ടിൽ ഹാളർ അയാക്സിന് ലീഡും നൽകി. ഹാളറിന്റെ ഈ സീസൺ ചാമ്പ്യൻസ് ലീഗിലെ മികച്ച പ്രകടനം ഇന്നും തുടർന്നു. 90ആം മിനുട്ടിൽ ക്ലാസൻ കൂടെ ഗോൾ നേടിയതോടെ അയാക്സ് വിജയം ഉറപ്പായി. അയാക്സിന് 4 മത്സരങ്ങളിൽ നിന്ന് 12 പോയിന്റ് ആണ് ഉള്ളത് ഡോർട്മുണ്ടിന് 6 പോയിന്റാണ് ഉള്ളത്.