മോശം ഫോമിൽ തുടരുന്ന റയൽ മാഡ്രിഡിന് അവസാനം ചാമ്പ്യൻസ് ലീഗിൽ ജയം. ചാമ്പ്യൻസ് ലീഗിൽ വിക്ടോറിയ പ്ലസനെയാണ് റയൽ മാഡ്രിഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്. മത്സരം ജയിച്ചെങ്കിലും റയൽ മാഡ്രിഡിന്റെ പ്രകടനം ആശാവഹമായിരുന്നില്ല. അവസാന 10 മിനുട്ടിൽ ഒരു ഗോളിന്റെ ലീഡിൽ കടിച്ചു തൂങ്ങിയാണ് റയൽ മാഡ്രിഡ് ജയം സ്വന്തമാക്കിയത്. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ വിജയിക്കാതിരുന്ന റയൽ മാഡ്രിഡിന് ആശ്വാസമാകും ഈ വിജയം.
മത്സരം തുടങ്ങി 11ആം മിനുട്ടിൽ തന്നെ റയൽ മാഡ്രിഡ് ബെൻസേമയിലൂടെ മുൻപിലെത്തി. ലൂക്കാസ് വസ്‌കസിന്റെ ക്രോസിൽ നിന്ന് ഹെഡറിലോടെയാണ് ബെൻസേമ റയൽ മാഡ്രിഡിന്റെ ആദ്യ ഗോൾ നേടിയത്. ലീഡ് നേടിയെങ്കിലും മത്സരത്തിൽ ആധിപത്യം ഉറപ്പിക്കാൻ പാടുപെട്ട റയൽ മാഡ്രിഡ് പലപ്പോഴും ഭാഗ്യം കൊണ്ടാണ് ഗോൾ വഴങ്ങാതെ രക്ഷപെട്ടത്.
തുടർന്ന് രണ്ടാം പകുതിയിലാണ് റയൽ മാഡ്രിഡ് മാഴ്‌സെലോയിലൂടെ റയൽ മാഡ്രിഡ് ലീഡ് ഉയർത്തിയത്. വിക്ടോറിയ പ്ലസൻ ഗോൾ കീപ്പറുടെ തലക്ക് മുകളിലൂടെ പന്ത് കോരിയിട്ടാണ് മാഴ്‌സെലോ ഗോൾ നേടിയത്. എന്നാൽ മത്സരം അവസാനിക്കാൻ 11 മിനിറ്റ് ശേഷിക്കെ ഹ്‌റോസോവിസ്കിയിലൂടെ ഒരു ഗോൾ മടക്കായി വിക്ടോറിയ മത്സരത്തിലേക്ക് തിരിച്ച വന്നെങ്കിലും പിന്നീട് ഗോൾ വഴങ്ങാതെ റയൽ മാഡ്രിഡ് രക്ഷപെടുകയായിരുന്നു.