അയാക്സിനെ തടയാൻ ആരുമില്ല, ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാം ജയിച്ചു!!

20211208 043332

ഈ സീസണിലെ അയാക്സിനെ ആരും പേടിക്കണം. ഡച്ച് ലീഗിനൊപ്പം യൂറോപ്പിലും ഗംഭീര പ്രകടനങ്ങൾ നടത്തുന്ന അയാക്സ് ഇന്ന് ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരവും വിജയിച്ചു. ഇന്ന് സ്പോർടിംഗിനെ 4-2 എന്ന സ്കോറിനാണ് അയാക്സ് തോൽപ്പിച്ചത്. എട്ടാം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് ഹാളറാണ് അയാക്സിന് ഇന്ന് ആദ്യം ലീഡ് നൽകിയത്. ഹാളറിന്റെ ആറ് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നുള്ള പത്താം ഗോളായിരുന്നു ഇത്.

22ആം മിനുട്ടിൽ സാന്റോസിലൂടെ സ്പോർടിംഗ് തിരിച്ചടിച്ചു. ആദ്യ പകുതിയുടെ അവസാനം ആന്റണിയുടെ ഗോൾ അയാക്സിനെ വീണ്ടും ലീഡിൽ എത്തിച്ചു. രണ്ടാം പകുതിയിൽ 58ആം മിനുട്ടിൽ നെരസും 62ആം മിനുട്ടിൽ ബെർഗുയിസും കൂടെ ഗോളടിച്ചതോടെ മത്സരം അയാക്സിന്റേതായി മാറി. 6 മത്സരങ്ങളിൽ നിന്ന് 20 ഗോളുകളാണ് അയാക്സ് അടിച്ചു കൂട്ടിയത്.ആറ് മത്സരങ്ങളിൽ നിന്ന് 18 പോയിന്റും അവർ നേടി. 9 പോയിന്റുമായി രണ്ടാമത് ഫിനിഷ് ചെയ്ത സ്പോർടിങും പ്രീക്വാർട്ടറിലേക്ക് കടന്നു.

Previous articleആറും ജയിച്ച് ലിവർപൂൾ, അത്ലറ്റിക്കോ ഒപ്പം പ്രീക്വാർട്ടറിൽ, മിലാന് ചാമ്പ്യൻസ് ലീഗുമില്ല യൂറോപ്പുമില്ല
Next articleഅഞ്ചു ഗോളടിച്ച് ജയിച്ച് ഡോർട്മുണ്ട് യൂറോപ്പയിലേക്ക്