ആറും ജയിച്ച് ലിവർപൂൾ, അത്ലറ്റിക്കോ ഒപ്പം പ്രീക്വാർട്ടറിൽ, മിലാന് ചാമ്പ്യൻസ് ലീഗുമില്ല യൂറോപ്പുമില്ല

Newsroom

യുവേഫ ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ബിയിൽ നിന്ന് ലിവർപൂളിനൊപ്പം നോക്കൗട്ട് റൗണ്ടിലേക്ക് കടക്കുന്ന ടീമായി അത്ലറ്റിക്കോ മാഡ്രിഡ്. ഇന്ന് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ പോർട്ടോയെ തോൽപ്പിച്ച് കൊണ്ടാണ് അത്ലറ്റിക്കോ മാഡ്രിഡ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനം ഉറപ്പിച്ചത്. മൂന്ന് ചുവപ്പ് കാർഡും നാലു ഗോളുകളും പിറന്ന മത്സരത്തിൽ 3-1 എന്ന സ്കോറിനാണ് അത്ലറ്റിക്കോ മാഡ്രിഡ് വിജയിച്ചത്. രണ്ടാം പകുതിയിൽ ഗ്രീസ്മന്റെ ഗോളിലൂടെ 56ആം മിനുട്ടിൽ അത്ലറ്റിക്കോ മാഡ്രിഡ് ലീഡ് എടുത്തു.

പിന്നാലെ 67ആം മിനുട്ടിൽ കരാസ്കോ ചുവപ്പ് കിട്ടി. ഇരു ടീമുകളുടെയും ബെഞ്ചുകൾ തമ്മിൽ ഉള്ള വലിയ സംഘട്ടനത്തിലേക്ക് തന്നെ കാര്യങ്ങൾ നീങ്ങി. പോർട്ടോയുടെ വെൻഡൽ, മാർചെസിൻ എന്നിവർക്കും പിന്നാലെ റഫറി ചുവപ്പ് നൽകി. മത്സരത്തിനു അവസാനം കൊറേയയും ഡി പോളും ഗോൾ നേടിയതോടെ അത്ലറ്റിക്കോ 3-0ന് മുന്നിൽ എത്തി. ഒലിവേരയുടെ പെനാൾട്ടിയിലൂടെ പോർട്ടോ ഒരു ഗോൾ മടക്കി.

വിജയത്തോടെ അത്ലറ്റിക്കോ മാഡ്രിഡിന് 7 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമത് ഫിനിഷ് ചെയ്യാൻ ആയി. 5 പോയിന്റുമായി പോർട്ടോ യൂറോപ്പ ലീഗയിലേക്കും മുന്നേറി.

ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ എ സി മിലാൻ ലിവർപൂളിനോട് പരാജയപ്പെട്ടു. ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് പിയോളിയുടെ ടീം 2-1 എന്ന സ്കോറിന് തോറ്റത്. ലിവർപൂളിനായി സലായും ഒറിഗിയും ഗോൾ നേടി. തുടക്കത്തിൽ ഒരു കോർണറിൽ നിന്ന് ടൊമോരി ആയിരുന്നു മിലാന് ലീഡ് നൽകിയത്. ഈ വിജയം ലിവർപൂളിനെ 6ൽ ആറും ജയിച്ച് 18 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്യാൻ സഹായിച്ചു. മിലാൻ ആകട്ടെ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത് യൂറോപ്പിൽ നിന്ന് തന്നെ പുറത്തായി.