കൊൽക്കത്തയിൽ ക്ലാസിക്ക് ഡെർബി, ഈസ്റ്റ് ബംഗാളിന്റെ വൻ തിരിച്ചുവരവ്

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ ഇന്ന് നടന്ന കൊൽക്കത്ത ഡെർബിയിൽ ആവേശ സമനില. കിരീടം നിർണ്ണയിച്ചേക്കാവുന്ന പോരാട്ടത്തിൽ രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷം ഈസ്റ്റ് ബംഗാൾ സമനില പിടിക്കുകയായിരുന്നു. മികച്ച രീതിയിൽ തുടങ്ങിയ മോഹൻ ബഗാൻ ആദ്യ നിമിഷങ്ങളിൽ ഈസ്റ്റ് ബംഗാളിനെ വിറപ്പിച്ചു നിർത്തി. ബഗാന്റെ തുടർ ആക്രമണങ്ങളിൽ പതറിയ ഈസ്റ്റ് ബംഗാൾ രണ്ട് ഗോളുകളും വഴങ്ങി.

പിന്റു മഹാതയും ഹെൻറി കിസേകയുമായിരുന്നു ബഗാനായി സ്കോർ ചെയ്തത്. മത്സരം കൈവിട്ടു പോയി എന്ന് ഈസ്റ്റ് ബംഗാൾ കരുതിയ സമയത്ത് ഈസ്റ്റ് ബംഗാളിന്റെ വമ്പൻ സൈനിംഗ് അകോസ്റ്റ രക്ഷകനായി എത്തി. ഹാഫ് ടൈമിന് തെട്ടുമുമ്പ് കോർണറിൽ നിന്ന് ഗോൾ കണ്ടെത്തി അകോസ്റ്റ ഈസ്റ്റ് ബംഗാളിന് പ്രതീക്ഷ തിരികെ നൽകി‌.

രണ്ടാം പകുതിയിൽ ലാൽദന്മാവിയ റാൾട്ടയിലൂടെ ഈസ്റ്റ് ബംഗാൾ സമനില ഗോളും നേടി. ഇന്നത്തെ ഡെർബി അവസാനിച്ചപ്പോഴും പോയന്റ് പട്ടികയിൽ രണ്ട് ടീമുകളും ഒപ്പത്തിനൊപ്പം ആണ്.

8 മത്സരങ്ങൾ ലീഗിൽ കഴിഞ്ഞപ്പോൾ 20 പോയന്റാണ് മോഹൻ ബഗാനും ഈസ്റ്റ് ബംഗാളളിനും ഉള്ളത്. ഗോൾ ഡിഫറൻസിലും ഇരുവരും ഒപ്പമാണ്. രണ്ട് ടീമുകൾക്കും +13 ആണ് ഗോൾ ഡിഫറൻസ്. ഇപ്പോൾ കൂടുതൽ ഗോളുകൾ അടിച്ചു എന്നത് കൊണ്ട് മോഹൻബഗാനാണ് ടേബിളിൽ ഒന്നാമതുള്ളത്.

Previous articleപ്രീസീസൺ; മുംബൈ സിറ്റിക്ക് സമനിലയോടെ തുടക്കം
Next articleകാർഡിഫിന്റെ തിരിച്ചുവരവുകളും മറികടന്ന് ആഴ്സണലിന് ജയം