ചെക്ക് റിപ്പബ്ലിക്ക് ഫുട്ബോൾ താരം ജോസെഫ് സുറലിന് വാഹന അപകടത്തിൽ ദാരുണ അന്ത്യം. എവേ മത്സരം കഴിഞ്ഞു തിരിച്ചുവരുമ്പോൾ താരം സഞ്ചരിച്ച ബസ് ഇടിച്ചാണ് മരണം. തുർക്കിഷ് ക്ലബായ അയ്റ്റെമിസ് അലൻയാസ്പോറിന്റെ താരമാണ് ജോസെഫ് സുറൽ. 28 കാരനായ ജോസെഫ് സുറൽ ഹോസ്പിറ്റലിൽ വെച്ചാണ് മരണമടഞ്ഞത്. താരത്തെ കൂടാതെ മറ്റു 6 കളിക്കാർക്ക് പരിക്കേറ്റെങ്കിലും ആരുടേയും നില ഗുരുതരമല്ലെന്ന് ക്ലബ് അറിയിച്ചിട്ടുണ്ട്.
അയ്റ്റെമിസ് അലൻയാസ്പോറിന്റെ എവേ മത്സരം കഴിഞ്ഞ് തിരിച്ചുവരാൻ താരങ്ങൾ വാടകക്ക് എടുത്ത മിനി ബസാണ് അപകടത്തിൽ പെട്ടത്. ബസിൽ 7 കളിക്കാരാണ് ഉണ്ടായിരുന്നത്. മറ്റു താരങ്ങൾ ടീം ബസിലാണ് മത്സരം കഴിഞ്ഞു യാത്ര ചെയ്തിരുന്നത്. ചെക്ക് റിപ്പബ്ലിക്കിന് വേണ്ടി 20 തവണ ബൂട്ട് അണിഞ്ഞ സുറൽ ഒരു ഗോളും നേടിയിട്ടുണ്ട്. ഈ കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിലാണ് സുറൽ തുർക്കിയിൽ എത്തുന്നത്. നേരത്തെ ചെക്ക് ക്ലബായ സ്ലാവിയ പ്രാഗിന്റെ താരമായിരുന്നു സുറൽ. ഡ്രൈവർ ഉറങ്ങിയതാണ് മരണ കാരണമെന്ന് ക്ലബ് അറിയിച്ചിട്ടുണ്ട്. ടോട്ടൻഹാമിന്റെയും ലിവർപൂളിന്റെയും മുൻ താരമായ സ്റ്റീവൻ കോക്കർ, മുൻ ന്യൂ കാസിൽ താരം പപ്പീസ് സിസ്സേ എന്നിവരും ബസിൽ ഉണ്ടായിരുന്നു. എന്നാൽ ഇവർക്ക് ആർക്കും ഗുരുതരമായ പരിക്കേറ്റിട്ടില്ല