സാന്റി കസോള- മനകരുത്തിന്റെ പുതിയ ഹീറോ

na

Download the Fanport app now!
Appstore Badge
Google Play Badge 1

ഫുട്‌ബോളിലെ മനകരുത്തിന്റെ പുതിയ പര്യായമായി സാന്റി കസോള. നടക്കാൻ സാധിച്ചാൽ വലിയ ഭാഗ്യമെന്ന് ഡോക്ടർമാർ അടക്കം വിധി എഴുതിയ നിലയിൽ നിന്ന് റയൽ മാഡ്രിഡിന്റെ വലയിലേക്ക് 2 ഗോളുകൾ അടിച്ചു കയറ്റാൻ പാകത്തിൽ തിരിച്ചെത്തിയ കരുത്തായി മാറി സാന്റി കസോള എന്ന സ്പാനിഷ് താരം. ല ലീഗെയിൽ റയൽ മാഡ്രിഡിനെതിരെ വില്ല റയലിനായി 2 ഗോളുകൾ നേടി താരം വാർത്തകളിൽ നിറയുമ്പോൾ അത് ആരും അഭിനന്ദിക്കുന്ന തിരിച്ചു വരവായി മാറി.

ആഴ്സണൽ താരമായിരിക്കെ 2 വർഷം മുൻപാണ് താരത്തിന് പരിക്ക് പറ്റുന്നത്. കാലിലെ അകിലിസിന് പരിക്കേറ്റ താരത്തിന് സാധാരണ ശസ്ത്രക്രിയയിലൂടെ തിരിച്ചു വരാൻ ആവുമെന്ന് പ്രതീക്ഷിച്ചെങ്കിലും വിധി മറ്റൊന്നായിരുന്നു. ഓപ്പറേഷൻ ചെയ്ത മുറിവിൽ വീണ്ടും അണുബാധ ഏറ്റതോടെ പിന്നീട് 2 വർഷ കാലയളവിൽ വേണ്ടി വന്നത് 11 ഓപ്പറേഷനുകളാണ്. നിങ്ങളുടെ കുട്ടികളുടെ കൂടെ മുറ്റത്ത് പന്ത് തട്ടാനായാൽ അത് തന്നെ വലിയ ഭാഗ്യമായി കരുതുക എന്നാണ് തന്നോട് അന്ന് ഡോക്ടർമാർ പറഞ്ഞത് എന്ന് പിന്നീട് താരം വെളിപ്പെടുത്തിയിരുന്നു. പക്ഷെ പ്രതീക്ഷ കൈവിടാതെ പരിശ്രമിച്ച താരത്തിന് പതുക്കെ ആണെങ്കിലും പരിപൂർണ്ണ കായിക ക്ഷമത വീണ്ടെടുക്കാനായി.

2016 ഒക്ടോബറിൽ പറ്റിയ പരിക്കിൽ നിന്ന് 2018 പകുതിയോടെ മുക്തനായി 2019 ജനുവരിയിൽ റയൽ മാഡ്രിഡിനെതിരെ ഇരട്ട ഗോളടിക്കുന്നത് വരെയുള്ള താരത്തിന്റെ പോരാട്ടവും ശുഭ പ്രതീക്ഷയും ഏത് കായിക താരത്തിനും പ്രചോദനമാകുന്ന ഒന്നാണ്.

2012 മുതൽ 2018 വരെ ആഴ്സണൽ താരമായിരുന്ന കസോള വില്ല റയൽ ആകാദമിയിലൂടെ വളർന്ന് വന്ന താരമാണ്‌. പരിക്ക് മാറി എത്തിയ ഉടനെ ആഴ്സണലുമായുള്ള കരാർ അവസാനിച്ചതോടെ താരത്തിന് തന്റെ തിരിച്ചു വരവിന് അവസരം നൽകിയതും വില്ല റയലായിരുന്നു.