സ്‌പെയിൻ ദേശീയ ടീമിലേക്ക് തിരിച്ചു വിളിച്ചാൽ കളിക്കാൻ തയ്യാറാണെന്ന് സ്‌പെയിൻ ഇതിഹാസ താരം ഐക്കർ കസിയസ്. പോർട്ടോ താരമായ കസിയസ് ടീമിനെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ എത്തിച്ച ശേഷം സംസാരിക്കുകയായിരുന്നു.
ദേശീയ ടീമിലേക്ക് മടക്കം എന്ന ആശയത്തോട് തനിക്ക് പോസിറ്റീവ് സമീപനമാണ്, പക്ഷെ അത് തീർത്തും സ്‌പെയിൻ പരിശീലകൻ ലൂയിസ് എൻറിക്കെയുടെ തീരുമാനമാണ്. സ്‌പെയിൻ ടീമിൽ നല്ല മത്സരമാണ് ഉള്ളത്. എങ്കിലും തന്നെ വിളിച്ചാൽ കളിക്കാൻ തയ്യാറാണ് എന്നാണ് കസിയസ് പ്രതികരിച്ചത്. പ്രായം പ്രശ്നമാക്കില്ലേ എന്നതിന് പ്രകടനമാണ് നോക്കേണ്ടത് എന്നും ജനന സർട്ടിഫിക്കറ്റിൽ ഉള്ള തിയതിയല്ല എന്നും താരം കൂട്ടിച്ചേർത്തു.
നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഡേവിഡ് ഡി ഹെയ ആണ് സ്‌പെയിനിന്റെ ഒന്നാം നമ്പർ ഗോളി. ചെൽസി ഗോളി കെപ്പ അരിതബലാകയും മികച്ച ഫോമുമായി ദേശീയ ടീമിൽ ഉണ്ട്. ഈ സാഹചര്യത്തിൽ കസിയസിനെ എൻറിക്കെ തിരികെ വിളിക്കാനുള്ള സാധ്യത വിരളമാണ്.