സ്പാനിഷ് ഇതിഹാസ ഗോൾകീപ്പറായ ഐകർ കസിയസ് തനിക്ക് ഫുട്ബോളിലേക്ക് തിരികെ വരാൻ ആകുമെന്ന പ്രതീക്ഷ പങ്കുവെച്ചു.ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന കസിയസ് ഇന്ന് ആശുപത്രി വിട്ടു. താൻ രണ്ട് മാസത്തേക്ക് പൂർണ്ണ വിശ്രമത്തിൽ ആയിരിക്കും എന്ന് കസിയസ് പറഞ്ഞു. അതിനു ശേഷം എന്താകുമെന്ന് ഇപ്പോൾ പറയാൻ പറ്റില്ല. ഫുട്ബോളിലേക്ക് തിരികെ വരാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതാണ് തനിക്ക് വേണ്ടത്. കസിയസ് പറഞ്ഞു.
താൻ ഭാഗ്യവാനാണെന്നും തനിക്ക് ഇത്രയധികം പിന്തുണ ലഭിക്കുന്നത് സന്തോഷം നൽകുന്നു എന്നും കസിയസ് പറഞ്ഞു. എല്ലാവരോടും നന്ദി അറിയിക്കാനും കസിയസ് മറന്നില്ല. പോർട്ടോ താരമായ കസിയസ് പരിശീലനം നടത്തുന്നതിന് ഇടയിൽ ആയിരുന്നു ഹൃദയാഘാതം നേരിട്ടത്.
കസിയസിനോട് ഫുട്ബോളിൽ നിന്ന് വിരമിക്കണമെന്ന് ഡോക്ടർമാർ നിർദേശം നൽകിയതായ സൂചനകൾ വരുന്നതിനിടെയാണ് താൻ തിരിച്ചുവരുമെന്ന പ്രതീക്ഷ നൽകി കൊണ്ട് കസിയസ് രംഗത്ത് എത്തിയത്.