റുബൻ അമോറിമിനെ പുറത്താക്കിയതിനെത്തുടർന്ന് പുതിയ പരിശീലകനെ അന്വേഷിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്, താൽക്കാലിക പരിശീലകനായി ക്ലബ്ബ് ഇതിഹാസം മൈക്കൽ കാരിക്കിനെ നിയമിക്കാൻ ധാരണയായതായി റിപ്പോർട്ടുകൾ. കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ യുണൈറ്റഡ് മാനേജ്മെന്റും ഇനിയോസ് (INEOS) പ്രതിനിധികളും കാരിക്കുമായി നടത്തിയ ചർച്ചകൾ ശുഭകരമായാണ് അവസാനിച്ചത്. കാരിക് മുന്നോട്ടുവെച്ച നിലപാടുകൾ മാനേജ്മെന്റിനെ തൃപ്തിപ്പെടുത്തിയിട്ടുണ്ട്.

ഇതോടെ മുൻ പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷ്യറെ പിന്നിലാക്കി കാരിക് ഈ സ്ഥാനത്തേക്ക് എത്തുമെന്ന് ഉറപ്പാവുകയാണ്. ഇന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരാനാണ് സാധ്യത. നിലവിൽ ഡാരൻ ഫ്ലെച്ചറാണ് ടീമിന്റെ ചുമതല വഹിക്കുന്നത്. 2021-ൽ മൂന്ന് മത്സരങ്ങളിൽ താൽക്കാലിക പരിശീലകനായിരുന്നപ്പോൾ പരാജയമറിയാതെ ടീമിനെ നയിച്ച പരിചയം കാരിക്കിന് അനുകൂല ഘടകമാണ്. കൂടാതെ മിഡിൽസ്ബ്രോയിൽ പരിശീലകനെന്ന നിലയിൽ അദ്ദേഹം കാഴ്ചവെച്ച മികച്ച പ്രകടനവും യുണൈറ്റഡ് അധികൃതരെ ആകർഷിച്ചിട്ടുണ്ട്. സീസൺ അവസാനിക്കുന്നത് വരെ ടീമിനെ സുസ്ഥിരമായി നയിക്കാൻ കാരിക്കിന് സാധിക്കുമെന്നാണ് ക്ലബ്ബിന്റെ വിലയിരുത്തൽ.









