തുടർച്ചയായ രണ്ടാം മത്സരത്തിലും പെനാൽട്ടി ഷൂട്ട് ഔട്ട് അതിജീവിച്ചു ചെൽസി ലീഗ് കപ്പ് അവസാന എട്ടിൽ

Img 20211027 022931

ലീഗ് കപ്പിൽ സൗത്താപ്റ്റണെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ മറികടന്നു ചെൽസി ക്വാർട്ടർ ഫൈനലിൽ. ചെൽസി മുന്തൂക്കവും കൂടുതൽ അവസരങ്ങളും സൃഷ്ടിച്ച മത്സരത്തിൽ അവസരം കിട്ടിയപ്പോൾ എല്ലാം സൗത്താപ്റ്റണും ചെൽസിയെ പരീക്ഷിച്ചു. യുവ പ്രതിരോധത്തെ വിശ്വസിച്ചു കളിക്കാൻ ഇറങ്ങിയ ചെൽസി മുന്നേറ്റത്തിൽ ഹാവർട്സ്, സിയെച്ച്, ബാർക്കിലി എന്നിവരെയാണ് അണിനിരത്തിയത്. ആദ്യ പകുതിയുടെ അവസാന നിമിഷം ഹക്കിം സിയെച്ചിന്റെ കോർണറിൽ നിന്നു കായ് ഹാവർട്സ് ഹെഡറിലൂടെ ആണ് ചെൽസിക്ക് മത്സരത്തിൽ മുൻതൂക്കം സമ്മാനിക്കുന്നത്.

എന്നാൽ രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ സൗത്താപ്റ്റൺ ഗോൾ മടക്കി. 47 മിനിറ്റിൽ ചെ ആദംസിലൂടെ ആയിരുന്നു ‘സെയിന്റസ്’ സമനില ഗോൾ കണ്ടത്തിയത്. തുടർന്ന് വിജയഗോൾ നേടാൻ ഇരു ടീമുകളും പരിശ്രമിച്ചു എങ്കിലും 90 മിനിറ്റിൽ മത്സരം സമനിലയിൽ അവസാനിച്ചതോടെ മത്സരം പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക്. പെനാൽട്ടിയിൽ ചെൽസി അഞ്ചിൽ നാലു എണ്ണവും ലക്ഷ്യം കണ്ടപ്പോൾ സെയിന്റ്സിന് 3 എണ്ണം മാത്രമാണ് ലക്ഷ്യത്തിൽ എത്തിക്കാൻ കഴിഞ്ഞത്. പെനാൽട്ടി ഷൂട്ട് ഔട്ടിൽ മേസൻ മൗണ്ടിന്റെ പെനാൽട്ടി ഫോസ്റ്റർ രക്ഷിച്ചു എങ്കിലും തിയോ വാൽകൊട്ടിന്റെ പെനാൽട്ടി പോസ്റ്റിൽ ഇടിച്ചു മടങ്ങിയതും വില്യം സ്മാൽബോൺ പെനാൽട്ടി പുറത്തേക്ക് അടിച്ചതും സൗത്താപ്റ്റണു പരാജയം സമ്മാനിക്കുക ആയിരുന്നു.

Previous articleരണ്ടാം പകുതിയിൽ ഗോളുകൾ നേടി ലീഡ്‌സിനെ വീഴ്ത്തി ആഴ്സണൽ ലീഗ് കപ്പ് ക്വാട്ടർ ഫൈനലിൽ
Next articleപാസ്‌പോർട്ട് കിട്ടി, മാറ്റി കാഷ് ഇനി പോളണ്ടിനു വേണ്ടി കളിക്കും