കരബാവോ കപ്പിൽ ഡെർബിക്കെതിരെ ചെൽസിക്ക് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ചെൽസിയുടെ വിജയം. ലാംപാർഡിന്റെ ചെൽസിയിലേക്കുള്ള തിരിച്ചുവരവ് കണ്ട മത്സരത്തിൽ ആദ്യ പകുതിയിൽ ചെൽസിക്കെതിരെ ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും സെൽഫ് ഗോളുകൾ ഡെർബിക്ക് വിനയാവുകയായിരുന്നു.
മത്സരം തുടങ്ങി അഞ്ചാം മിനുട്ടിൽ തന്നെ ചെൽസി മത്സരത്തിൽ ലീഡ് നേടി. ചെൽസിയിൽ നിന്ന് ഡെർബിയിൽ ലോണിലുള്ള ഫികയോ ടിമോറിയുടെ സെൽഫ് ഗോളാണ് ചെൽസിക്ക് ലീഡ് നേടി കൊടുത്തത്. എന്നാൽ സെൽഫ് ഗോൾ വഴങ്ങിയിട്ടും പതറാതെ കളിച്ച ഡെർബി അധികം താമസിയാതെ മാറിയറ്റിലൂടെ സമനില പിടിച്ചു. ചെൽസി താരം കാഹിലിന്റെ പിഴവ് മുതലെടുത്താണ് താരം ഗോൾ നേടിയത്.
തുടർന്നാണ് ഡെർബി വഴങ്ങിയ രണ്ടാമത്തെ സെൽഫ് ഗോളിൽ ചെൽസി വീണ്ടും ലീഡ് എടുത്തത്. ഇത്തവണ റിച്ചാർഡ് കീഗ് ആണ് സെൽഫ് ഗോൾ വഴങ്ങിയത്. എന്നാൽ ലംപാർഡിന് കീഴിൽ പൊരുതാനുറച്ച് ഇറങ്ങിയ ഡെർബി മത്സരത്തിൽ വീണ്ടും സമനില പിടിച്ചു. ഇത്തവണ വാഗോൺ ആണ് ഡെർബിയുടെ ഗോൾ നേടിയത്.
തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപ് തന്നെ ചെൽസി വീണ്ടും മത്സരത്തിൽ ലീഡ് നേടി. ഇത്തവണ ഫാബ്രിഗാസ് ആണ് ഡെർബി വല കുലുക്കിയത്.
രണ്ടാം പകുതിയിൽ ഇരു ടീമുകളും ശ്രദ്ധയോടെ കളിച്ചപ്പോൾ ആദ്യ പകുതിയിലെ പോലെ ഗോളുകൾ രണ്ടാം പകുതിയിൽ പിറന്നില്ല. രണ്ടാം പകുതിയിൽ ചെൽസിയെക്കാൾ ഡെർബിയാണ് ഗോളടിക്കുമെന്ന് തോന്നിച്ചതെകിലും ഭാഗ്യം അവരുടെ തുണക്കെത്തിയില്ല. ഡെർബിയുടെ ശ്രമങ്ങൾ കാബിയെരോ രക്ഷപ്പെടുത്തുകയും മറ്റൊരു ശ്രമം പോസ്റ്റിൽ തട്ടി തെറിക്കുകയും ചെയ്തു. ജയത്തോടെ ചെൽസി കരബാവോ കപ്പിന്റെ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു.