ഇംഗ്ലീഷ് ലീഗ് കപ്പ് ആദ്യ പാദ സെമിഫൈനലിൽ ആഴ്‌സണലിനെ അവരുടെ മൈതാനത്ത് എതിരില്ലാത്ത 2 ഗോളുകൾക്ക് വീഴ്ത്തി ന്യൂകാസ്റ്റിൽ യുണൈറ്റഡ്. സീസണിൽ ഇത് ആദ്യമായാണ് ആഴ്‌സണൽ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ തോൽക്കുന്നത്. മത്സരത്തിൽ ആധിപത്യം ഉണ്ടായിട്ടും വലിയ അവസരങ്ങൾ തുറക്കാത്തതും ലഭിച്ച അവസരങ്ങൾ പാഴാക്കിയതും ആണ് ആർട്ടെറ്റയുടെ ടീമിന് വിനയായത്. ആദ്യ പകുതിയിൽ ഗബ്രിയേൽ മാർട്ടിനെല്ലിയുടെ മികച്ച ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് ആഴ്‌സണലിന് വിനയായി.
ആദ്യ പകുതിയിൽ 37 മത്തെ മിനിറ്റിൽ ഒരു ഫ്രീകിക്കിൽ നിന്നു വീണു കിട്ടിയ അവസരം മുതലാക്കിയ ഉഗ്രൻ ഫോമിലുള്ള അലക്‌സാണ്ടർ ഇസാക് ആണ് ന്യൂകാസ്റ്റിലിന് മുൻതൂക്കം നൽകിയത്. രണ്ടാം പകുതിയിൽ 51 മത്തെ മിനിറ്റിൽ ഇസാക്കിന്റെ പാസിൽ നിന്നു ആന്റണി ഗോർഡൻ ഗോൾ നേടിയതോടെ ന്യൂകാസ്റ്റിൽ പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഇടക്ക് ലഭിച്ച സുവർണാവസരം കായ് ഹാവർട്‌സ് പാഴാക്കിയതും ആഴ്‌സണലിന് വിനയായി. ആഴ്‌സണൽ മുന്നേറ്റത്തെ പിന്നീട് കോട്ട കെട്ടി പ്രതിരോധിച്ച ന്യൂകാസ്റ്റിൽ വിലപ്പെട്ട ജയം നേടുക ആയിരുന്നു. ഫെബ്രുവരി ആറിന് ന്യൂകാസ്റ്റിലിന്റെ സെന്റ് ജെയിംസ് പാർക്കിൽ ആണ് രണ്ടാം പാദ സെമിഫൈനൽ.