സാബി അലോൺസോ ബയേർ ലെവർകൂസന്റെ പുതിയ പരിശീലകൻ

സ്പാനിഷ് ഇതിഹാസം സാബി അലോൺസോ ബയേർ ലെവർകൂസന്റെ പുതിയ പരിശീലകനാവും. ചാമ്പ്യൻസ് ലീഗിലെ പോർട്ടോക്കെതിരായ 2-0 പരാജയത്തിന് ശേഷം ബയേർ പരിശീലകൻ ജെറാർഡോ സിയോനിയെ പുറത്താക്കിയിരുന്നു. 16 ഗോളുകൾ വഴങ്ങി ബുണ്ടസ് ലീഗയിൽ 17ആം സ്ഥാനത്താണ് ബയേർ ലെവർകൂസൻ. മുൻ റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക് താരമായ സാബി അലോൺസോ ആദ്യമായാണ് ഒരു സീനിയർ ടീമിന്റെ പരിശീലകനാവുന്നത്.

ഇതിന് മുൻപ് റയൽ മാഡ്രിഡ് യൂത്ത് ടീമിന്റെയും റയൽ സോസിദാദ് ബി ടീമിന്റെയും പരിശീലകനായിരുന്നു. മുൻ ചെൽസി പരിശീലകൻ തോമസ് ടൂഷലിന്റെ പേരായിരുന്നു ബയേർ ലെവർകൂസന്റെ പരിശീലകനായി ഉയർന്ന് കേട്ടത്. ടൂഷൽ പരിശീലക സ്ഥാനം നിരസിച്ചതിനെ തുടർന്നാണ് സാബി അലോൺസോ ബയേർ ലെവർകൂസൻ പരിശീലകനാവുന്നത് എന്നാണ് ജർമ്മനിയിൽ നിന്നുള്ള റിപ്പോർട്ടുകൾ.