ചരിത്രമെഴുതി യൂണിയൻ ബെർലിൻ, ഇനി കളി ബുണ്ടസ് ലീഗയിൽ

- Advertisement -

ജർമ്മനിയിൽ ചരിത്രമെഴുതി യൂണിയൻ ബെർലിൻ. ബുണ്ടസ് ലീഗ റെലഗേഷൻ പ്ലേ ഓഫിൽ സ്റ്റട്ട്ഗാർട്ടിനെ പരാജയപ്പെടുത്തിയാണ് യൂണിയൻ ബെർലിൻ ബുണ്ടസ് ലീഗയിലേക്ക് പ്രമോഷൻ നേടിയത്. റെലഗേഷൻ പ്ലേ ഓഫിലെ രണ്ടാം പാദത്തിൽ സ്റ്റട്ട്ഗാർട്ടിനെ ഗോൾ രഹിതമായ സമനിലയിൽ യൂണിയൻ ബെർലിൻ തളച്ചു. 2-2 ആയിരുന്നു ആദ്യ പാദത്തിലെ സ്കോർ. എവേ ഗോളിന്റെ പിൻബലത്തിലായിരുന്നു ചരിത്രത്തിൽ ആദ്യമായി ജർമ്മൻ ടോപ്പ് ഡിവിഷനിലേക്കുള്ള യൂണിയൻ ബെർലിന്റെ പ്രവേശനം.

7 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു രണ്ടാം ഡിവിഷൻ ക്ലബ്ബ് ബുണ്ടസ് ലീഗ ടീമിനെ അട്ടിമറിക്കുന്നത്. യൂറോപ്പിലെ തന്നെ ‘കൾട്ട്’ ക്ലബ്ബുകളിൽ ഒന്നാണ് യുണിയൻ ബെർലിൻ. “അയേൺ യൂണിയൻ” എന്ന സ്ലോഗൻ യൂറോപ്പിൽ പ്രസിദ്ധമാണ്‌. 2004 ൽ നാലാം ഡിവിഷനിലെ ക്ലബ്ബ് ലൈസൻസ് നിലനിർത്താൻ “ബ്ലീഡ് ഫോർ യൂണിയൻ” എന്ന ക്യാമ്പെയിനുമായി രംഗത്തെത്തിയിരുന്നു. ആരാധകർ തങ്ങളുടെ ബ്ലഡ് ഡൊണേറ്റ് ചെയ്താണ് ലൈസൻസിനായുള്ള പണം കണ്ടെത്തിയത്.

 

Advertisement